പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ഇന്ത്യ ഏറെ മുന്നേറി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി. 


തിരുവനന്തപുരം: കേരളത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ബിജെപി സീറ്റുനേടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ഇന്ത്യ ഏറെ മുന്നേറി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി. 

അടുത്ത 5 വര്‍ഷം കൊണ്ട് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. രാജ്യത്ത് ഭരണാനുകൂല വികാരമാണ് ഉള്ളത്. ഭരണ വിരുദ്ധ വികാരം എങ്ങും കാണാനില്ല. കേരളത്തിലെ ജനങ്ങളും ദേശീയതയുടെ മുഖ്യധാരയിലേക്ക് വന്നുകഴിഞ്ഞു. ഇത്തവണ കേരളത്തില്‍ ബിജെപിക്ക് വോട്ട് കൂടുമെന്നും സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാജ്യത്തിന്റെ വികസനം അതിവേഗം മുന്നോട്ടുപോവുകയാണ്. ഗരിബ് കല്യാണ്‍ യോജന ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഫലമാണത്. 25 കോടി പേര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലായി. ഇത് ലോകത്ത് ഒരു രാജ്യത്തും ഉണ്ടായിട്ടില്ല. 20 കോടി ജനങ്ങള്‍ക്ക് വീട്, 50 കോടി പേര്‍ക്ക് കുടിവെള്ളം തുടങ്ങിയവ നല്‍കി. പദ്ധതികള്‍ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ സംതൃപ്തരാണ്. അതിനാല്‍ തന്നെ ഭരണവിരുദ്ധ വികാരമില്ല.

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ശക്തമായ പിന്തുണയാണ് മോദി സര്‍ക്കാരിന് ലഭിക്കുന്നത്. കേരളത്തില്‍ നിന്നും മികച്ച പിന്തുണ ലഭിക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്ക് ഒരേ അജണ്ടയാണ്. അവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. അഴിമതിയും അടിച്ചമര്‍ത്തലുമാണ് അവരുടെ അജണ്ട. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. വിദ്യാസമ്പന്നരാണ് കേരളീയര്‍. എല്‍ഡിഎഫും യുഡിഎഫും വോട്ട് ബാങ്കിനായി ദേശവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്നു. അവരുമായി സഖ്യമുണ്ടാക്കുന്നു. കേരളം വികസനത്തില്‍ വളരെ പിന്നിലേക്ക് പോവുകയാണ്. ഇതെല്ലാം കേരളീയര്‍ക്ക് അറിയാം. അതിനാല്‍ തന്നെ കേരളത്തിലെ ജനങ്ങളും ദേശീയതയുടെ മുഖ്യധാരയിലേക്ക് വരും മോദിക്കൊപ്പം അണിനിരക്കും.

വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരം. തിരുവനന്തപുരത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖര്‍. 90 കളില്‍ ആദ്യമായി ടെക്‌നോ പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലമാണ് തിരുവനന്തപുരം. അതിനുശേഷം തുടങ്ങിയ പല സ്ഥലങ്ങളും ഇന്ന് ടെക്‌നോളജി ഹബ്ബുകളായി മാറി. എന്നാല്‍ തിരുവനന്തപുരം ഇന്നും വളരെപുറകിലാണ്. മന്ത്രി എന്ന നിലയില്‍ മികച്ച പദ്ധതികള്‍ കൊണ്ടുവന്നിട്ടുള്ള ആളാണ് രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ വലിയ പ്രതീക്ഷയാണ് ഉള്ളത്. 

സാധ്യതകളെ പ്രായോഗിക വല്‍ക്കരിക്കാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ആണ് മത്സരം. ഒരു ഗ്രുപ്പ് മോദിയുടെ നേതൃത്വത്തില്‍, മറ്റൊന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വം. ഇതില്‍ എന്‍ഡിഎക്ക് വോട്ടുചെയ്താല്‍ അത് മോദിക്ക് ലഭിക്കും. എല്‍ഡിഎഫിനോ യുഡിഎഫിനോ വോട്ട് ചെയ്താല്‍ ലഭിക്കുക രാഹുല്‍ ഗാന്ധിക്കായിരിക്കും. പ്രധാനമന്ത്രിയായി മോദിയെ ജനങ്ങള്‍ തെരഞ്ഞെടുക്കും. ബിജെപി, എന്‍ഡിഎ 400ല്‍ അധികം സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു. ദൂരദര്‍ശനില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതുമായുള്ള ചോദ്യത്തിന് മുന്‍കാലങ്ങളിലും വിവിധ സിനിമകള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഏത് സിനിമയും പൊതുമാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കാം. അടിയന്തരാവസ്ഥകാലത്ത് ആന്ധി എന്ന സിനിമ പ്രദര്‍ശിപ്പിച്ചതിനെപ്പറ്റിയും അദ്ദേഹം എടുത്തുപറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ്, ഒബിസി മോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, ബിജെപി സംസ്ഥാന സെക്രട്ടറി ജെ. ആര്‍. പത്മകുമാര്‍, സംസ്ഥാന സമിതി അംഗം ആര്‍. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

'ബോംബെടാ ഇത് ബോംബെടാ..., സ്ഫോടനത്തിൽ പാർട്ടി പങ്കില്ല അല്ലേ.. ഇതാരാണെന്ന് പറയാമോ?' കുറിപ്പുമായി പ്രകാശ് ബാബു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം