കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മിഷേലിന്റെ കുടുംബവും ആക്ഷൻ കൗൺസിലും കൊച്ചിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. 

കൊച്ചി: സിഎ വിദ്യാർത്ഥിയായിരുന്ന പിറവം സ്വദേശി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന് രണ്ട് വയസ്സ്. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മിഷേലിന്റെ കുടുംബവും ആക്ഷൻ കൗൺസിലും കൊച്ചിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു.

രണ്ട് വർഷം മുന്‍പാണ് കൊച്ചിയിലെ ഹോസ്റ്റലിൽ നിന്നും പുറത്തുപോയ മിഷേലിനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം കേസന്വേഷിച്ച പൊലീസും പിന്നീട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകം ആണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ജസ്റ്റിസ് ഫോർ മിഷേൽ ആക്ഷൻ കൗൺസിൽ കൂട്ടായ്മ സംഘടിപ്പിച്ചത്.

കായലിലെ വെള്ളത്തില്‍ മണിക്കൂറുകളോളം മിഷേലിന്‍റെ മൃതദേഹം കിടന്നെന്ന് പറയുമ്പോഴും മൃതദേഹത്തിൽ കാര്യമായ പരിക്കുകളിലായിരുന്നുവെന്നതാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിന് കാരണമായി കുടുംബം പറയുന്നത്. മിഷേലിന്‍റെ മൊബൈൽ ഫോണും ബാഗും ഇതു വരെ കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ടെന്നാണ് പരാതി.