കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ തിരികെയെത്തിച്ചു; സിഡബ്ലിയുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും
പ്രത്യേക അന്വേഷണ സംഘത്തോടൊപ്പമാണ് കുട്ടി ഇന്ന് തിരികെ എത്തിയിരിക്കുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കഴിഞ്ഞ ചൊവ്വാഴ്ച കാണാതാവുകയും പിന്നീട് വിശാഖപട്ടണത്ത് നിന്നും കണ്ടെത്തുകയും ചെയ്ത 13 കാരി പെൺകുട്ടിയെ തിരികെ നാട്ടിലെത്തിച്ചു. പെൺകുട്ടിയെ സിഡബ്ലിയുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പ്രത്യേക അന്വേഷണ സംഘത്തോടൊപ്പമാണ് കുട്ടി ഇന്ന് വൈകുന്നേരത്തോടെ തിരികെ എത്തിയിരിക്കുന്നത്.
13 വയസുകാരിയെ ഇന്ന് പൊലീസിൽ നിന്നും വാങ്ങി സുരക്ഷിത സ്ഥലത്തേക് മാറ്റുമെന്ന് സിഡബ്ലിയുസി ചെയർപേഴ്സൺ അഡ്വ. ഷാനിബാ ബീഗം ഏഷ്യാ നെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ പ്രത്യേക സിറ്റിംഗ് നടത്തും. കുട്ടിയിൽ നിന്നും വിശദമായ മൊഴിയെടുക്കും. കൂടാതെ രക്ഷിതാക്കളിൽ നിന്നും മൊഴിയെടുക്കും. അതിന് ശേഷമായിരിക്കും തുടർ നടപടികള്‍ തീരുമാനിക്കുകയെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. വീണ്ടും സുരക്ഷിത സ്ഥാനത്ത് മാറ്റണമോ രക്ഷിതാകൾക്കൊപ്പം വിട്ടു നൽകണമോയെന്ന് നാളെ തീരുമാനിക്കും.
കേരളത്തില്‍ തന്നെ നില്‍ക്കണമെന്നാണ് കുട്ടി ഇപ്പോള്‍ പറയുന്നതെന്നും ചെയർപേഴ്സൺ അഡ്വ. ഷാനിബാ ബീഗം വ്യക്തമാക്കി. കുട്ടിക്ക് എല്ലാ സൌകര്യങ്ങളുംവ ലഭ്യമാക്കും. നാളത്തെ സ്പെഷല്‍ സിറ്റിംഗില്‍ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തു. ഇത്രയും നാള്‍ നടന്ന എല്ലാക്കാര്യങ്ങളും ചോദിക്കും. രക്ഷിതാക്കളില്‍ നിന്നുള്ള മൊഴിയെടുക്കും. നാളെ കുട്ടിയെ വൈദ്യപരിശോധന നടത്തും. കുട്ടിക്ക് കൌണ്‍സിലിംഗ് നടത്തുമെന്നും അഡ്വ. ഷാനിബാ ബീഗം പറഞ്ഞു. കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചതില്‍ എല്ലാവര്‍ക്കും ചെയര്‍പേഴ്സണ നന്ദി അറിയിച്ചു.
കുട്ടി വീടുവിട്ട് പോകാന്‍ കാരണമായ സാഹചര്യം അന്വേഷിക്കുമെന്ന് എസിപി അറിയിച്ചു. കുട്ടിയെ കണ്ടെത്താനായതിൽ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും എസിപി നന്ദി പറഞ്ഞു. മാതാപിതാക്കളല്ലാതെ.സംശയം തോന്നുന്ന സാഹചര്യത്തില്‍ കുട്ടികളെ കണ്ടാല്‍ അപ്പോള്‍ത്തന്നെ112 എന്ന നംപറില്‍ അറിയിക്കണമെന്നും എസിപി പറഞ്ഞു.