തടിക്കാട് സ്വദേശികളായ അൻസാരി, ഫാത്തിമ ദമ്പതികളുടെ മകൻ ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്.
കൊല്ലം: അഞ്ചലിൽ കാണാതായ രണ്ടരവയസ്സുകാരനെ കണ്ടെത്തി. വീടിന് അടുത്തുള്ള റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തടിക്കാട് സ്വദേശികളായ അൻസാരി, ഫാത്തിമ ദമ്പതികളുടെ മകൻ ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ ഇന്നലെ കണ്ടെത്താനായിരുന്നില്ല.
നാദാപുരത്ത് യുവാവ് ആക്രമിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഇന്ന് തുടര്‍ശസ്ത്രക്രിയ നടന്നേക്കും
കോഴിക്കോട്: നാദാപുരത്ത് യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില ശസ്ത്രക്രിയ പൂർത്തിയായി മണിക്കൂറുകൾക്ക് ശേഷവും മാറ്റമില്ലാതെ തുടരുന്നു. ബിരുദ വിദ്യാർത്ഥിനിയായ നഹീമ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്റര്‍ ചികിത്സയിൽ നിരീക്ഷണത്തിലാണ്. ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം ഇന്ന് തുടർശസ്ത്രക്രിയകൾ ഉണ്ടായേക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം നാദാപുരം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി റഫ്നാസിനെ റിമാൻഡ് ചെയ്തു.
മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിലെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. വ്യാഴാഴ്ച്ചയാണ് ബിരുദ വിദ്യാർത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ നഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. സ്കൂളിൽ സഹപാഠികളായിരുന്നു ഇരുവരും. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം റഫ്നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു.
