Asianet News MalayalamAsianet News Malayalam

കാണാതായ സിഐ നവാസിനെ കണ്ടെത്തി; കണ്ടെത്തിയത് തമിഴ്നാട്ടിലെ കരൂരിൽ നിന്ന്

തമിഴ്നാട് കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത്.  തമിഴ്നാട് റെയിൽവേ പൊലീസാണ് സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തിയത്. കൊച്ചി പൊലീസ് കരൂരിലേക്ക് തിരിച്ചു.

missing ci nawas found safe
Author
Kochi, First Published Jun 15, 2019, 5:34 AM IST

കൊച്ചി: കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്പെക്ടർ നവാസിനെ കണ്ടെത്തി. തമിഴ്നാട്ടിലെ കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത്.  തമിഴ്നാട് റെയിൽവേ പൊലീസാണ് സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തിയത്.  നവാസ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു. കൊച്ചി പൊലീസ് കരൂരിലേക്ക് തിരിച്ചു.

മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നവാസ് ആരോടും പറയാതെ വീട് വിട്ടിറങ്ങിയത്. മൂന്ന് ദിവസം മുമ്പാണ് നവാസിനെ കാണാതെയാവുന്നത്. നവാസിനെ കാണാനില്ലെന്ന് കാണിച്ച് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പടെ അറിയിപ്പ് നൽകിയിരുന്നു. സേനയിലെ തന്നെ ഒരു ഉദ്യോഗസ്ഥനെ കാണാതായി മൂന്ന് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തത് പൊലീസിന് തലവേദന സൃഷ്ടിച്ചിരിക്കുകയായിരുന്നു. 

മേലുദ്യോഗസ്ഥരുടെ പീ‍ഡനത്തെത്തുടർന്നാണ് സിഐ നവാസ് നാട് വിട്ടതെന്നാരോപിച്ച് നവാസിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ 13-ാം തീയതി നവാസ് ഒഴിഞ്ഞതായി വിവരമുണ്ട്. 13-ാം തീയതി ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്‍റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്‍റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. നവാസിന്‍റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് മേലുദ്യോഗസ്ഥനായ കൊച്ചി എസിപി സുരേഷ് കുമാറിനെ ഡിസിപി പൂങ്കുഴലി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.  

Also Read: മേലുദ്യോഗസ്ഥർക്കെതിരെ സിഐ നവാസിന്‍റെ ഭാര്യ: മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം

നവാസിനെ കണ്ടെത്താന്‍ കൊച്ചിയിൽ നിന്നുളള പൊലീസ് വിവിധ സംഘങ്ങളായി പല ഭാഗങ്ങളില്‍ അന്വേഷണം നടത്തി വരുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ  ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios