മിഷൻ അരിക്കൊമ്പൻ: നാളെ നടത്താനിരുന്ന മോക്ഡ്രിൽ മാറ്റി; തീരുമാനം കേസ് പരിഗണിച്ച്
അരിക്കൊമ്പൻ ദൌത്യത്തിനായി വനം വകുപ്പ് ഏട്ട് സംഘങ്ങളെ രൂപീകരിച്ചു. കോടതി വിധി അനുകൂലമായാൽ 30 ന് രാവിലെ നാലിന് ദൗത്യം തുടങ്ങും.

ഇടുക്കി : നാടിനെ വിറപ്പിക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിന് മുന്നോടിയായി നാളെ നടത്താനിരുന്ന മോക്ഡ്രിൽ മാറ്റി. ഇതുമായി ബന്ധപ്പെട്ട് കോടതി പരിഗണനയിലുള്ള കേസ് പരിഗണിച്ചാണ് നടപടി. അരിക്കൊമ്പൻ ദൌത്യത്തിനായി വനം വകുപ്പ് ഏട്ട് സംഘങ്ങളെ രൂപീകരിച്ചു. കോടതി വിധി അനുകൂലമായാൽ 30 ന് രാവിലെ നാലിന് ദൗത്യം തുടങ്ങും.
ഇന്നലെ വൈകുന്നേരം ഒരു പിടിയാനയ്ക്കും രണ്ടു കുട്ടിയാനകൾക്കുമൊപ്പമാണ് അരിക്കൊമ്പൻ പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്തെത്തിയത്. ദേശീയപാതയിൽ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാൽ തിരികെ ആനയിറങ്കൽ ഭാഗത്തേക്ക് തിരിച്ചെത്തി. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
2005 മുതൽ വീടും റേഷൻകടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 23 എണ്ണം ഈ വർഷം തകർത്തതാണ്. ആക്രമണത്തിൽ വീടുകളും മറ്റും തകർന്നു വീണ് 30 ഓളം പേർക്ക് പരുക്കേറ്റു. അരിക്കൊമ്പൻറെ ആക്രമണം സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിക്കാനായി വനംവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. നൂറിലധികം പേരുടെ ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്.
ആനയിറങ്കൾ, പന്നിയാർ എന്നിവിടങ്ങളിലെ റേഷൻ കടകൾ പലതവണയാണ് അരിക്കൊമ്പൻ തകർത്തത്. പല സ്ഥലത്തായി വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാത്തതിനാൽ കണക്കിലുൾപ്പെടുത്തിയിട്ടില്ല. വീട്ടു നമ്പരില്ലാത്ത കെട്ടിടങ്ങൾ ഷെഡുകൾ പട്ടയമില്ലാത്ത സ്ഥലത്ത് തകർത്ത വീടുകൾ എന്നിവയുടെ എണ്ണവും കാണിച്ചിട്ടില്ല. 2010 മുതൽ ഈ മാർച്ച് 25 വരെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത്. ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും ഉടൻ കോടതിക്ക് കൈമാറും. ഇവയൊക്കെ പരിഗണിച്ച് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വനംവകുപ്പിൻറെയും നാട്ടുകാരുടെയും പ്രതീക്ഷ.