കൊച്ചി: ചവറ എംഎല്‍എ എന്‍. വിജയന്‍ പിള്ള അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് മാസമായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു വിജയൻ പിള്ള. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആർഎസ്പി ഇതര എംഎൽഎ ആണ് എൻ. വിജയൻ പിള്ള. 

നാളെ രാവിലെ 10 മണിക്കാണ് സംസ്കാരം. മൃതദേഹം കൊച്ചിയിൽ നിന്ന് അൽപ്പസമയത്തിനകം ചവറയിലേക്ക് കൊണ്ടു പോകും. 11 മണിയോടെ കരുനാഗപ്പള്ളിയിൽ  നിന്ന് വിലാപയാത്ര ആരംഭിക്കും. സിപിഎം ചവറ ഏരിയാ കമ്മിറ്റി ഓഫീസ്, എംഎല്‍എ ഓഫീസ്, ചവറ പഞ്ചായത്ത് എന്നിവടങ്ങളിൽ പൊതുദർശനത്തിന് വെക്കും. 

ചവറ മടപ്പള്ളി വിജയമന്ദിരത്തിൽ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1951ലാണ് ‌വിജയൻ പിള്ള ജനിച്ചത്. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്റെ പാത പിന്‍തുടര്‍ന്നാണ് വിജയൻ പിള്ള രാഷ്ട്രീയത്തിലെത്തിയത്. 28-ാം വയസില്‍ രാഷ്ട്രീയത്തിലെ ആദ്യ അങ്കം. പഞ്ചായത്ത് അംഗമായി ഇരുപത്തിയൊന്ന് വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് കോണ്‍ഗ്രസ് ടിക്കറ്റില്‍ 2000 ത്തില്‍ ജില്ലാ പഞ്ചായത്തിലേക്കും ജയിച്ചു കയറി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിഎംപി അരവിന്ദാക്ഷ വിഭാഗത്തിന് ലഭിച്ച സീറ്റില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. ഭാര്യ: സുമാദേവി, മൂന്ന് മക്കള്‍.