അമിക്കസ്‌ക്യൂറി രാഷ്ട്രീയം കളിച്ചു. ഇയാൾ സർക്കാരിന്‍റെ വക്കീൽ ആണെന്നും പരിശോധനാ റിപ്പോർട്ട്  മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും മന്ത്രി എംഎം മണി

ഇടുക്കി: ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന റിപ്പോര്‍ട്ട് നൽകിയ അമിക്കസ്‌ക്യൂറിക്കെതിരെ വൈദ്യുത മന്ത്രി എംഎം മണി. അമിക്കസ്‌ക്യൂറി രാഷ്ട്രീയം കളിച്ചു. ഇയാൾ സർക്കാരിന്‍റെ വക്കീൽ ആണെന്നും പരിശോധനാ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും മന്ത്രി ആരോപിച്ചു. 

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് കേരള ഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ്‌ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്. 

കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേക്കിയാണ് അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.