Asianet News MalayalamAsianet News Malayalam

'ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാര്‍'; കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് എം എം മണി

ശമ്പളം കട്ട് ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി അടക്കുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിമര്‍ശനമാണ് ഉന്നയിച്ചത്.

mm mani calls congress leaders Eagles found in disaster land
Author
Thiruvananthapuram, First Published Apr 28, 2020, 10:51 PM IST

തിരുവനന്തപുരം: ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാരെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ വിശേഷിപ്പിച്ച് മന്ത്രി എം എം മണി. കൊവിഡ് പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നേരത്തെ, സര്‍ക്കാര്‍ ശമ്പളം കട്ട് ചെയ്യുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനോട് രൂക്ഷപ്രതികരണമാണ് ഇടത് നേതാക്കള്‍ അടക്കം നടത്തിയത്.

ഇതിന് ശേഷം ശമ്പളം കട്ട് ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി അടക്കുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിമര്‍ശനമാണ് ഉന്നയിച്ചത്. നിയമവും ചട്ടവും നോക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിന് കോടതിയില്‍ നിന്നേറ്റ തുടര്‍ച്ചയായ രണ്ടാമത്തെ പ്രഹരമാണ് ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരേ  കോടതിയില്‍ നിന്ന് ഉണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

ഇപ്പോള്‍ ഇതിനെതിരെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ എം എം മണി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാരുടെ മാനസികാവസ്ഥയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം അധഃപതിച്ചതിന്‍റെ തെളിവാണ് അവരുടെ ആഘോഷമെന്നാണ് എം എം മണി കുറിച്ചത്. അതേസമയം, സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി, ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. 

എല്ലാവരുടെയും പിന്തുണ സർക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ശമ്പളം അവകാശമാണ്. ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞു. സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് പറഞ്ഞ കോടതി, ജീവനക്കാരുടെ വേതനത്തിൽ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios