ഇടുക്കി: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്‍ ചാനലിനും കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് മന്ത്രി എം എം മണി രംഗത്ത്. ഉള്ളത് പറയുന്നവരുടെ വായ് മൂടിക്കെട്ടാനാണ് കേന്ദ്ര സ‍‍ർക്കാരിന്റെ ശ്രമമെന്ന് മന്ത്രി പ്രതികരിച്ചു.

ഇങ്ങനെയൊരു വിലക്ക് കൊണ്ട് സത്യം മറച്ചുവയ്ക്കാൻ പറ്റുമെന്നാണ് വിചാരിക്കുന്നതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. മാധ്യമ വിലക്ക് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് രണ്ടു ചാനലുകളുടെയും സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചത്. ദില്ലിയിലെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ നിയമലംഘനം ഉണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും അര്‍ദ്ധരാത്രി ഒന്നരയോടെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ വിലക്ക് നീക്കി. ഇന്ന് രാവിലെ ഒമ്പതരയോടെ മീഡിയാ വണ്ണിന്‍റെ വിലക്കും പിന്‍വലിച്ചിരുന്നു.

Read Also: ഏഷ്യാനെറ്റ് ന്യൂസിനെതിരായ വിലക്ക് പിൻവലിച്ചു; മീഡിയാ വണും ഓൺ എയര്‍

ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പിഴവുണ്ടായെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു.

Read Also: ചാനലുകളെ വിലക്കിയ സംഭവം; പിഴവുണ്ടായെങ്കിൽ പരിശോധിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി