മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്നുപോലെയാണെന്നും ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടത്' എന്നായിരുന്നു സുധാകരന്‍റെ വാക്കുകള്‍.

ഇടുക്കി: തനിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ തള്ളി എം.എം.മണി എംഎൽഎ. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കയ്യിൽ വെച്ചേരെ എന്ന് എം.എം.മണി ഫേസ്ബുക്കിൽ കുറിച്ചു. ഇവിടെ നിന്നും തരാനൊട്ടില്ല താനും എന്നും എംഎം മണി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ എം എം മണിക്കെതിരെ നടത്തിയ 'ചിമ്പാൻസി' പരാമർശത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഖേദം പ്രകടിപ്പിച്ചതിനുള്ള മറുപടിയായിരുന്നു മണിയുടെ കുറിപ്പ്.

ചിമ്പാൻസിയുടെ ശരീരത്തിൽ എം എം മണിയുടെ മുഖം ചേർത്തുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തോടായിരുന്നു കെ സുധാകരന്റെ പരാമർശം. മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസുകാർ എത്തിയത്. ചിമ്പാൻസിയുടെ ചിത്രത്തിൽ എം എൽ എയുടെ മുഖം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. മണിക്കെതിരെ മോശമായ പരാമർശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെ ആണ് കെ സുധാകരന്‍ എംഎം മണിയെ അധിക്ഷേപിച്ചത്.

'മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്നുപോലെയാണെന്നും ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടത്' എന്നായിരുന്നു സുധാകരന്‍റെ മറുപടി. സുധാകരന്‍റെ അധിക്ഷേപത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സുധാകരനെതിരെ ഇടത് നേതാക്കള്‍ രംഗത്ത് വന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ മണിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി. ഇതിന് പിന്നാലെയാണ് രാത്രിയോടെ സുധാകരന്‍ ഫേസ്ബുക്കില്‍ ഖേദപ്രകടനം നടത്തിയത്.

Read More : നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു; മണിക്കെതിരായ പരാമർശത്തിൽ ന്യായീകരണമില്ല, തെറ്റ് തെറ്റായി കാണുന്നു: സുധാകരൻ

'പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നിയെന്നും തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നം സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. 'ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു'- സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read More :  മണിക്കെതിരായ അധിക്ഷേപം: 'ബോര്‍ഡ് നേതൃത്വത്തിന്‍റെ തീരുമാനമായിരുന്നില്ല' ഖേദം പ്രകടിപ്പിച്ച് മഹിള കോണ്‍ഗ്രസ്