Asianet News MalayalamAsianet News Malayalam

അക്രമാസക്തരായി നാട്ടുകാര്‍: അമ്പൂരിയിൽ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ പൊലീസ്

അമ്പൂരി കൊലപാതക കേസിലെ പ്രതി അഖിലിനെ കണ്ട നാട്ടുകാര്‍ കൂവിവിളിക്കുകയും കല്ലെറിയുകയും ചെയ്തു. തെളിവെടുപ്പിന് വന്ന പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു വച്ചു. സംഘര്‍ഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശി. 

mob protest police can't complete evidence collection amburi murder
Author
Trivandrum, First Published Jul 29, 2019, 1:40 PM IST

തിരുവനന്തപുരം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അമ്പൂരി രാഖി കൊലക്കേസിലെ പ്രതി അഖിലുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ പൊലീസ് മടങ്ങി. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ  മുഖ്യ പ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ വലിയ സംഘര്‍ഷമാണ് പ്രദേശത്ത് ഉണ്ടാത്. അഖിലുമായി എത്തിയ പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാഖി കൊലപാതകത്തിൽ അഖിലിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം അക്രമാസക്തരായത്. 

കൂവിവിളിച്ചെത്തിയ ജനക്കൂട്ടം അഖിലിനെ കല്ലെറിഞ്ഞു. തെളിവെടുപ്പ് തടസപ്പെടുത്തും വിധം പൊലീസ് വാഹനം തടഞ്ഞുവച്ചതോടെ നാട്ടുകാരെ വിരട്ടിയോടിക്കാൻ പൊലീസ് ലാത്തി വീശി.  തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടായി. അഖിലിന്‍റെ പുതിയ വീട്ടിലും സമീപത്തുമെല്ലാം സംഘര്‍ഷത്തിനിടയിലും പൊലീസ് തെളിവെടുപ്പ് നടപടികൾക്കെത്തിയെങ്കിലും നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാനാകാതെ പൊലീസ് മടങ്ങുകയായിരുന്നു

നാടിനെ ഞെട്ടിച്ച കൊലപാതകക്കേസിൽ  വൻ പൊലീസ് സന്നാഹത്തിന്‍റെ അകമ്പടിയോടെയാണ് മുഖ്യ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. രാഖിയുടെ കഴുത്തിൽ മുറുക്കിയ കയര്‍ എടുത്ത് നൽകാമെന്ന് പറഞ്ഞ അഖിലിന്‍റെ കൈവിലങ്ങുകൾ പൊലീസ് അഴിച്ച് മാറ്റിയെങ്കിലും പ്രതിധേഷത്തെ തുടർന്ന് തൊണ്ടിമുതൽ എടുക്കാനാകാതെ പൊലീസ് മടങ്ങുകയായിരുന്നു. 

രാഖിയെ കൊലപ്പെടുത്തിയ ശേഷം കാർ കഴുകിയ സ്ഥലത്ത് ഫൊറൻസിക് വിഭാഗം പരിശോധിച്ചു. രാഖിയെ കാറിൽ കയറ്റിയ നെയ്യാറ്റിൻകരയിൽ നിന്നാണ് തെളിവെടുപ്പ് നടപടികൾ തുടങ്ങിയത്."

രാഖി കൊലപാതകത്തിൽ അഖിലിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. രാഖിയുടെ അച്ഛൻ അടക്കമുള്ള ബന്ധുക്കൾ ഇക്കാര്യം ആവര്‍ത്തിച്ച് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയും ആസൂത്രിത നീക്കവും എല്ലാം ആരോപിച്ചാണ് അഖിലിന്‍റെ വീട്ടുകാരെ കൂടി പ്രതി ചേര്‍ത്ത് അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 

തുടര്‍ന്ന് വായിക്കാം: 'പ്രതിശ്രുത വധുവിനോട് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ രാഖി ആവശ്യപ്പെട്ടു; കൊലനടത്തിയത് ഗൂഢാലോചനയ്ക്ക് ശേഷം': മൊഴി

Follow Us:
Download App:
  • android
  • ios