ജാമ്യാപേക്ഷ സമർപ്പിച്ചത്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിലും

കൊച്ചി: പോക്സോ ഉള്‍പ്പടെയുള്ള കേസുകളില്‍ മോന്‍സണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും, വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോൻസൺ ജാമ്യം തേടിയത്. ജാമ്യാപേക്ഷയിൽ, കോടതി നേരത്തെ സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. ജസ്റ്റിസ് പി.വി.കുഞ്ഞിക്യഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് മോൻസൺ മാവുങ്കലിനെതിരെ കേസ് എടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കൽ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.