കാലവർഷത്തിന്‍റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോ​ഗിക അറിയിപ്പ്. കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാ​ഗം അറിയിച്ചു. സാധാരണ ജൂൺ ഒന്നിനാണ് കാലാവർഷം കേരളത്തിൽ എത്തുക. എന്നാൽ ഈ വർഷം ഒരാഴ്ച മുമ്പേ കാലവർഷം കേരളത്തിൽ എത്തി. 2009 ൽ മെയ് 23നായിരുന്നു കാലവർഷം എത്തിയത്. കഴിഞ്ഞ വർഷം മെയ് 30നുമെത്തി.

കാലവർഷത്തിന്‍റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്.തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്

കനത്ത കാറ്റും മഴയും, തലസ്ഥാനത്ത് മരങ്ങൾ കടപുഴകി വീണു,വിവിധയിടങ്ങളിൽ നാശനഷ്ടം