Asianet News MalayalamAsianet News Malayalam

കാലവർഷം നാളെത്തന്നെ എത്തും; ദുരന്തപ്രതികരണ സേനയുടെ നാല് ടീം കേരളത്തിലേക്ക്

ഇത്തവണ പതിവിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുള്ള സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണസേനയുടെ നാല് സംഘങ്ങളെ കേരളത്തിലേക്ക് അയക്കും. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് അതീവ ജാഗ്രത തുടരേണ്ട സാഹചര്യമാണ്. 

monsoon to reach kerala on june 1 live updates
Author
New Delhi, First Published May 31, 2020, 11:06 AM IST

ദില്ലി/ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ജൂൺ 1-ന് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരത്ത് ന്യൂനമർദ്ദം രൂപം കൊണ്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം ന്യൂനമർദ്ദം ശക്തി പ്രാപിക്കും. ഇത്തവണ പതിവിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുള്ള സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണസേനയുടെ നാല് സംഘങ്ങളെ കേരളത്തിലേക്ക് അയക്കും. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് അതീവ ജാഗ്രത തുടരേണ്ട സാഹചര്യമാണ്. 

സംസ്ഥാനത്തെ ഈ വര്‍ഷത്തെ കാലവര്‍ഷ-തുലാവര്‍ഷ മുന്നോരുക്കയോഗത്തിന്‍റെ തീരുമാനം അനുസരിച്ച് കേരളത്തില്‍ ഈ വര്‍ഷം ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 സംഘങ്ങളെ മുന്‍കൂട്ടി നിയോഗിക്കണം എന്ന് കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. മൊത്തം 28 സംഘങ്ങളെ സന്നദ്ധമായി നിർത്തണം എന്നും സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടു.

ഇതിന്‍റെ ഭാഗമായിട്ടാണ് ആദ്യ സംഘമായി 4 ടീമുകൾ കേരളത്തില്‍ എത്തുന്നത് എന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു. നിലവില്‍ തൃശ്ശൂരില്‍ ഉള്ള ഒരു ടീമിന് പുറമെ ആണ് നാല് ടീമുകൾ എത്തുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു ടീമില്‍ ശരാശരി 48 പേര്‍ ആണ് ഉണ്ടാകുക. വയനാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ആണ് ആദ്യ സംഘം എത്തുക.

ഒരു സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റ് കാലവർഷം ആരംഭിച്ചുവെന്നാണ് വ്യക്തമാക്കിയത്. മെയ് 28-ന് കാലവർഷം തുടങ്ങുമെന്നാണ് സ്കൈമെറ്റ് നേരത്തേ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനോട് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിയോജിക്കുകയാണ്. 

സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ കുറച്ചുദിവസമായി കനത്ത മഴ ലഭിക്കുന്നുണ്ട്. ലക്ഷദ്വീപിലും നല്ല മഴയാണ്. മിനിക്കോയ് ദ്വീപിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 10 സെന്‍റിമീറ്റർ. തിരുവനന്തപുരം നഗരത്തിലും നെടുമങ്ങാടും നാല് സെന്‍റിമീറ്റർ മഴയും പെയ്തു. ജൂൺ മൂന്ന് വരെ വിവിധ ജില്ലകളിലായി കനത്ത മഴയുടെ പശ്ചാത്തലത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios