ദില്ലി: മലയാളിയായ സത്യനാരായണൻ മുണ്ടയൂരിന് പത്മശ്രീ പുരസ്കാരം. അരുണാചൽ പ്രദേശിലെ വിദ്യാഭ്യാസ ഗ്രന്ഥശാല പ്രവർത്തകനാണ് ഇദ്ദേഹം. കേരളത്തിൽ ജനിച്ച ഇദ്ദേഹം 1979 മുതൽ അരുണാചൽ പ്രദേശിലാണ് ജീവിക്കുന്നത്.

മുംബൈയിൽ റവന്യു ഓഫീസറായി ജോലി നോക്കിയിരുന്നു. അരുണാചലിൽ മൂസ അങ്കിൽ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 69 വയസാണ്. അരുണാചൽ പ്രദേശിലെ നാടോടി പാരമ്പര്യത്തെ കുറിച്ച് മലയാളത്തിൽ പുസ്തകം എഴുതിയിട്ടുണ്ട്.

രാജ്യത്ത് 71-ാം റിപ്പബ്ളിക് ദിനാഘോഷത്തിന് മുന്നോടിയായാണ് പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കോട്ടയം മൂഴിക്കല്‍ സ്വദേശിയും നോക്കുവിദ്യ പാവകളി കലാകാരിയുമായ മൂഴിക്കല്‍ പങ്കജാക്ഷിക്കും പത്മപുരസ്കാരം ലഭിച്ചു.

കർണാടകത്തിലെ സാധു കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ഹരേക്കള ഹജ്ജബ്ബ (64), പഞ്ചാബിലെ നൂറ് കണക്കിന് രോഗികൾക്ക് രണ്ടു ദശാബ്ദമായി ഭക്ഷണം നല്കുന്ന  84കാരൻ ജഗദിഷ് ലാൽ അഹൂജ, ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകൾക്കായി മൂന്നു ദശാബ്ദമായി  പൊരുതിയ മധ്യ പ്രദേശിലെ 63 കാരൻ അബ്ദുൽ ജബ്ബാർ,  കാടിന്റെ എൻസൈക്ളോപീഡിയ എന്നറിയപ്പെടുന്ന കർണാടകത്തിലെ 72 കാരി തുളസി ഗൗഡ തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു.