ദമ്പതിമാരുടെ ആരോപണം തലശ്ശേരി എസിപിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പിയും പ്രത്യേകം അന്വേഷിക്കും, റിപ്പോർ‍ട്ട് കിട്ടിയ ശേഷം നടപടിയെന്ന് കമ്മീഷണർ

കണ്ണൂർ: തലശ്ശേരിയിൽ രാത്രി കടൽപ്പാലം കാണാനെത്തിയ ദമ്പതിമാർക്ക് എതിരായ സദാചാര ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണർ. തലശ്ശേരി ഇൻസ്പെക്ടർക്കും എസ്ഐക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനാണ് നി‍ർദേശം. ഇരുവർക്കുമെതിരായ ആരോപണം തലശ്ശേരി എസിപിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പിയും പ്രത്യേകം അന്വേഷിക്കും. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വൂണ്ട് സർട്ടിഫിക്കറ്റും പരിശോധിക്കാനും കമ്മീഷണ‌ർ ആർ. ഇളങ്കോ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം ഇക്കാര്യത്തിൽ തുടർ നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ വ്യക്തമാക്കി. 

സദാചാര ആക്രമണം നേരിട്ട ദമ്പതിമാ‍ർ, തലശ്ശേരി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. സദാചാര പൊലീസ് ചമയുകയും മര്‍ദ്ദിച്ച ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തതായാണ് ദമ്പതിമാരുടെ പരാതി. ദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവര്‍ക്കാണ് പൊലീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. രാത്രി കടൽപ്പാലം കാണാൻ പോയപ്പോൾ പൊലീസില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് പരാതി. 

പൊലീസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ തിരികെ ചോദ്യങ്ങൾ ചോദിച്ചു. പിന്നാലെ പൊലീസ് അസഭ്യ വർഷം നടത്തി. സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഭർത്താവിനെ മർദ്ദിച്ചെന്നും മേഘ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭർത്താവിനെ സ്റ്റേഷനിൽ കെട്ടിത്തൂക്കും എന്ന് ഭീഷണിപ്പെടുത്തി. രാത്രി മുഴുവൻ പൊലീസ് സ്റ്റേഷന് പുറത്ത് നിർത്തിയെന്നും മേഘ പറഞ്ഞു. തുടർന്ന് പൊലീസിനെ ആക്രമിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് ഇരുവർക്കുമെതിരെ കേസെടുത്തു. ഈ കേസിൽ നിലവിൽ റിമാൻഡിലാണ് പ്രത്യുഷ്. മേഘയ്ക്ക് ജാമ്യം ലഭിച്ചു.