തിരുവനന്തപുരം: ഡിജിപിയുടെ ചട്ട ലംഘനത്തിൻറെ കൂടുതൽ തെളിവുകള്‍ പുറത്ത്. പൊലീസിനായി ടെണ്ടറില്ലാതെ സ്പെക്ട്രം അനലൈസർ വാങ്ങിയതിന്‍റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. പത്തനംതിട്ടക്ക് അനുവദിച്ച പരിശീലനകേന്ദ്രം കൊച്ചിയിലേക്കും മാറ്റിയതും ബെഹ്റ ഇടപെട്ടാണെന്നും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ക്രമവിരുദ്ധമായ രണ്ട് നടപടികളും സാധൂകരിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ബെഹ്റയുടെ നടപടികള്‍ക്ക് സര്‍ക്കാരിന്‍റെ പിന്തുണയുണ്ടെന്നും വ്യക്തമായിട്ടുണ്ട്. 

കേരള പൊലീസിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ബെഹ്റയാണെന്ന തരത്തിലാണ് ഓരോ ചട്ടലംഘനങ്ങളും പ്രതിദിനം പുറത്തു വരുന്നത്. മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിലും മുൻകൂർ അനുമതി വാങ്ങിയില്ലെങ്കിലും എല്ലാം കണ്ണടച്ച് സാധൂകരിച്ച് സർക്കാരും കൂടെയുണ്ട്. ദില്ലി ആസ്ഥാനമായ അഗ്മടെൽ ഇന്ത്യ എന്ന സ്ഥാപനത്തിൽ നിന്നും 26 ,30,429 രൂപയ്ക്ക് സ്പെക്ട്രം അനലൈസറും-സിഗ്നൽ ഹണ്ടറും വാങ്ങാനായിരുന്നു സർക്കാറിൻറെ ഭരണാനുമതി. പക്ഷേ കരാർ പ്രകാരം കമ്പനി സാധനങ്ങള്‍ കൈമാറിയില്ല.  

പിന്നീട് ബെഹ്റ ടെണ്ടർ ക്ഷണിക്കാതെ ബംഗല്ലൂരു ആസ്ഥാനമായ കണ്‍വെർജൻറ് ടെക്നോളീസ് എന്ന സ്ഥാപനത്തിൽ നിന്നും 27 ലക്ഷത്തി 95 രൂപയ്ക്ക്  സാധനങ്ങള്‍ വാങ്ങി. ടെണ്ടർ ക്ഷണിച്ചില്ലെന്ന് മാത്രമല്ല സ്ഥാപനം മാറിയ കാര്യം സർക്കാറിനെ അറിയിച്ചതുമില്ല. ഉപകരണങ്ങള്‍ നൽകിയ ശേഷമാണ് പണത്തിനുവേണ്ടി ഡിജിപി സർക്കാരിന് കത്തു നൽകുന്നത്. ഇത്രയേറെ ചട്ടലംഘനം ഉണ്ടായിട്ടും  സ്റ്റോർ പർച്ചേഴ്സ് മാനുവൽ പാലിക്കണമെന്ന താക്കീത് മാത്രം നൽകി എല്ലാ നടപടികളും സാധൂകരിച്ച് സർക്കാർ ഉത്തരവിട്ടു. 

തീർന്നില്ല, പത്തനംതിട്ടയിൽ 90 ലക്ഷം രൂപ ചെലവാക്കി പരിശീലന  കേന്ദ്രം സ്ഥാപിക്കാന്നുള്ള സർക്കാർ പദ്ധതി ബെഹ്റ കൊച്ചിയിലേക്ക് മാറ്റി.  കൊച്ചിയിൽ പരിശീലനകേന്ദ്രത്തിൻറെ നിർമ്മാണം തുടങ്ങിയശേഷമാണ് ഇക്കാര്യം സർക്കാറിനെ അറിയിക്കുന്നത് . പക്ഷെ സർക്കാറാകട്ടെ പത്തനംതിട്ടക്ക് പുതിയ പരിശീലനകേന്ദ്രം അനുവദിച്ച് കൊച്ചിയിലെ കേന്ദ്രം തുടങ്ങിയ നടപടി അംഗീകരിച്ച് ഉത്തരവിറക്കി.