Asianet News Malayalam

ജാഗ്രത തുടർന്നാൽ കൂടുതൽ ഇളവുകൾ; വീണ്ടുമൊരു ലോക്ക്ഡൗൺ ഒഴിവാക്കാൻ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി

  • ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൂടി ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി, പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല
  • എ, ബി മേഖലകളിലെ സർക്കാർ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ജീവനക്കാർക്കും ജോലിക്കെത്താൻ അനുവാദം
  • ജൂലൈ ഒന്ന് മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിക്കും
  • കോളേജുകൾ തുറക്കുന്നത് പരിഗണനയിൽ
More changes in covid restrictions kerala cm asks public corporation to avoid another lockdown and third wave
Author
Trivandrum, First Published Jun 22, 2021, 6:32 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: പ്രത്യക്ഷത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നില്ലെങ്കിലും അടുത്ത ഒരാഴ്ച കേരളത്തിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുക പുതിയ രീതിയിൽ. ജൂൺ 24 മുതലുള്ള പുതുക്കിയ നിയന്ത്രണങ്ങൾ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൂടി ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി. എന്നാൽ പൊതുജനങ്ങൾക്ക് ഈ രണ്ട് ദിവസം ബാങ്കിലെത്താൻ അനുവാദമില്ല. ബാങ്കിലെ തന്നെ മറ്റ് ജോലികൾ പൂർത്തിയാക്കാൻ ജീവനക്കാർക്ക് മാത്രമായാണ് ഇളവ് നൽകിയിരിക്കുന്നത്. 

എ, ബി മേഖലകളിലെ സർക്കാർ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ജീവനക്കാർക്കും ജോലിക്കെത്താൻ അനുവാദമായി. സി വിഭാഗത്തിലുള്ളയിടങ്ങളിൽ 25 ശതമാനം ജീവനക്കാർക്ക് ഡ്യൂട്ടിക്കെത്താം. 

കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി അനുസരിച്ച് എ വിഭാ​ഗത്തിൽ (0 മുതൽ 8 ശതമാനം വരെ ടിപിആ‍ർ) 277 പ്ര​ദേശങ്ങളും ബി വിഭാ​ഗത്തിൽ (9 മുതൽ 15 ശതമാനം) 575 പ്രദേശങ്ങളും സി വിഭാഗത്തിൽ (16 മുതൽ 24 ശതമാനം വരെ ടിപിആർ) 171 പ്രദേശങ്ങളും ആണുള്ളത്. 24 ശതമാനത്തിൽ കൂടുതൽ ടിപിആർ ഉള്ള 11 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. ഈ വേർതിരിവ് അനുസരിച്ചാവും വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുക. 

ആൾക്കൂട്ടം ഒഴിവാക്കേണ്ടത് പരമപ്രധാനമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഓ‌ർമ്മപ്പെടുത്തി. എല്ലാത്തരം യോ​ഗങ്ങളും പരമാവധി ഓൺലൈനാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

തമിഴ്നാട് അതിർത്തിയുടെ ഭാ​ഗമായ തദ്ദേശസ്ഥാപനങ്ങളിലെ  മദ്യഷോപ്പുകൾ ഈ ഘട്ടത്തിൽ അടച്ചിടും. 

ജൂലൈ ഒന്ന് മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിക്കും. അവരുടെ വാക്സിനേഷൻ പൂർത്തിയായ സാഹചര്യത്തിലാണിത്. കോളേജ് വിദ്യാർത്ഥികളുടെ വാക്സീനേഷനും പൂർത്തിയാക്കി കോളേജുകൾ തുറക്കാനുള്ള സാഹചര്യം പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി 18 മുതൽ 21 വരെയുള്ളവർക്ക് പ്രത്യേക രജിസട്രേഷൻ ആരംഭിക്കും. സ്കൂളുകളുടെ കാര്യത്തിൽ അധ്യാപകരുടെ വാക്സിനേഷന് മുൻഗണന നൽകും. 

കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും വിചാരിച്ച വേഗതയിൽ കുറയുന്നില്ലെന്നാണ് നിരീക്ഷണം. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ടിപിആർ മാറ്റമില്ലാതെ തുടരുന്നത് 605 തദ്ദേശസ്ഥാപനങ്ങളിലാണ്. 339 ഇടത്ത് ടിപിആർ കുറഞ്ഞിട്ടുണ്ട്. 91 ഇടത്ത് ടിപിആർ കൂടിയിട്ടുണ്ട്. ടിപിആർ അഞ്ച് ശതമാനത്തിന് താഴെ എത്തിയാൽ മാത്രമേ ആശ്വാസകരമായ സാഹചര്യമായി കണക്കാക്കാൻ സാധിക്കൂവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

കർശന ജാഗ്രത തുടരണമെന്നും ജനങ്ങളുടെ പൂർണപിന്തുണ ഇക്കാര്യത്തിൽ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാവരും കൃത്യമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ആ രീതിയിൽ മുന്നോട്ട് പോയാൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്താം. വീണ്ടും ലോക്ക്ഡൗൺ ​ഉണ്ടാവുന്നത് ഒഴിവാക്കണം.

കൊവിഡ് വൈറസിൻ്റെ മൂന്നാം തരം​ഗം എല്ലാവരും പ്രവചിക്കുന്നുവെങ്കിലും അതെപ്പോൾ ഉണ്ടാകുമെന്ന കാര്യത്തിൽ വ്യത്യസ്ത ​നിഗമനങ്ങളാണുള്ളത്. മൂന്നാം തരം​ഗം ഉണ്ടായാൽ  അത് ബുദ്ധിമുട്ടാവും. ആശുപത്രികളിലും മറ്റും നിരവധി രോ​ഗികൾ ചികിത്സയിലുണ്ട്. പെട്ടെന്നൊരു തരം​ഗം വന്നാൽ ആരോ​ഗ്യസംവിധാനങ്ങൾ സ്തംഭിക്കും, ആ സാ​ധ്യത പരിപൂ‍ർണമായി തടയുക എന്നതാണ് ലക്ഷ്യം. വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് പോകുന്നത് എല്ലാവ‍‌‌ർക്കും ദുഷ്കരമായിരിക്കും.

ജനതികവ്യതിയാനം വന്ന വൈറസുകൾ ദീ‍ർഘമായ തരം​ഗങ്ങൾക്ക് കാരണമാവും. ആ​ഗസ്റ്റിൽ ഓണം വരികയാണ്. കഴിഞ്ഞ ഓണത്തിന് ശേഷം രോ​ഗവ്യാപനം കൂടുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങൾ രോ​ഗവ്യാപനം കൂടാൻ കാരണമാകാതെ സൂക്ഷിക്കണം.

ഡെൽറ്റ വൈറസിനുണ്ടായ നേരിയ മാറ്റത്തിലാണ് പുതിയ വകഭേദമുണ്ടായത്. അതു വൈറസിൻ്റെ തീവ്രത വ‍ർധിപ്പിക്കുമെന്ന് ആശങ്കപ്പെടേണ്ട. സംസ്ഥാനത്ത് നിലവിൽ മൂന്ന് പേരിലാണ് ഡെൽറ്റ പ്ലസ് വൈറസ് കണ്ടെത്തിയത്. അവരിൽ നടത്തിയ പഠനത്തിൽ ഈ വൈറസ് വകഭേദം മൂന്നാം തരം​ഗത്തിന് കാരണമാവില്ല എന്ന നി​ഗമനത്തിലാണുള്ളത്.

Follow Us:
Download App:
  • android
  • ios