വിസ തട്ടിപ്പ് കേസിൽ പൊലീസിനെ സമീപിച്ച് കൂടുതൽ പരാതിക്കാർ. ഇന്നലെ മാത്രം 20 പേർ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തി. അതേസമയം പരാതികളിൽ ഒത്തുതീർപ്പിനാണ് ആംസ്റ്റർ ഓവർസീസിൻ്റെ ശ്രമം.

കൊച്ചി: ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പ് കേസിൽ പൊലീസിനെ സമീപിച്ച് കൂടുതൽ പരാതിക്കാർ. 20 പേർ ഇന്നലെയും പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തി. പരാതിക്കാർക്ക് പണം തിരികെ നൽകി ഒത്തുതീർപ്പിനാണ് ആംസ്റ്ററിന്റെ ശ്രമം. വിദേശ പണമിടപാടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റി (ഇഡി) ന് പൊലീസ് ഇന്ന് റിപ്പോർട്ട്‌ നൽകും. അതേസമയം പാർവതിയുടെ ജാമ്യപേക്ഷ ഇന്ന് വിചാരണ കോടതി പരിഗണിക്കും.

ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത കോടികൾ വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തലിലാണ് കൊച്ചി പൊലീസ് ഇഡിക്ക് റിപ്പോർട്ട് നൽകുന്നത്. വിസ തട്ടിപ്പിലൂടെ ലഭിച്ച പണം വിദേശത്ത് എത്തിച്ചു ക്രിപ്റ്റോ അടക്കം വൻ തോതിൽ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പാ‍ർവതിക്കെതിരായ പരാതികളും 2023 മുതലുള്ള പണമിടപാടുകളും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാണ് പൊലീസ് ഇഡിക്ക് സമർപ്പിക്കുക. കേസിൽ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു.

അർമേനിയ, പോളണ്ട് എന്നീ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പാർവതിക്കെതിരായ കേസ്. ജനുവരി 10, ഓഗസ്റ്റ് 22 എന്നീ തീയതികളിലായി രണ്ട് എഫ്ഐആറുകളാണ് പാർവതിക്കെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്തത്. ജനുവരിയിലെ എഫ്ഐആർ പ്രകാരം, അർമേനിയയിലെ ഒന്നരലക്ഷം ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ ഭർത്താവിൽ നിന്ന് 2023ൽ നാല് ലക്ഷം രൂപ തട്ടിയെടുത്തുവെന്നും ജോലി നൽകാതെ വഞ്ചിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പണം തിരികെ ചോദിച്ച പരാതിക്കാരനെ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്. ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയാണ് പാർവതി മായ. അനീഷ് മേനോൻ, അഭിജിത്ത്, അജു കെ മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

ഓഗസ്റ്റിലെ രണ്ടാമത്തെ എഫ്ഐആർ പ്രകാരം, പോളണ്ടിൽ വെയർഹൗസ് ജോലി വാ​ഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്ന് 2023 മുതൽ 2025 വരെയുള്ള കാലയളവിൽ 4,96,000 രൂപയും വിമാന ടിക്കറ്റിനായി 1,10,000 രൂപയും അടക്കം 6,06,000 തട്ടിയെടുത്തുവെന്നാണ് പരാതി. രണ്ട് എഫ്ഐആറുകളിൽ ചോദ്യംചെയ്യലിന് വിളിപ്പിച്ചെങ്കിലും വിദേശത്തായിരുന്ന പാർവതി എത്തിയിരുന്നില്ല. ഇതേത്തുടർന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിമാനത്താവളങ്ങളിലടക്കം പൊലീസ് കൈമാറിയിരുന്നു.

ഇക്കഴിഞ്ഞ 24ന് പാർവതി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥാപനം പ്രവർത്തിച്ചത് പ്രൊട്ടക്ടർ ഓഫ് ഇമി​ഗ്രേഷൻ്റെ ലൈസൻസ് ഇല്ലാതെയാണെന്ന് കണ്ടെത്തിയിരുന്നു. നിലവിലുള്ള രണ്ട് എഫ്ഐആറിന് പുറമേ, ഒരു എഫ്ഐആർ കൂടി പാർവതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പാർവതി മായ. പാർവതിയുടെ പങ്കാളി അനീഷ് മേനോൻ ഉൾപ്പെടെയുള്ള പ്രതികൾക്കായി ഉടൻ ലുക്കൗട്ട് സർക്കുലർ ഇറക്കും.