Asianet News MalayalamAsianet News Malayalam

കാസർകോടും പത്തനംതിട്ടയിലും കൂടുതൽ ഐസൊലേഷൻ സെന്ററുകൾ; തലസ്ഥാനത്ത് അടിയന്തിര മന്ത്രിസഭാ യോഗം

പത്തനംതിട്ടിയിൽ ഒരാൾക്കൂടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കാനഡയിൽ നിന്നെത്തിയ ആളാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്

More covid isolation centers in Kasaragod pathanamthiitta Available cabinet meeting in TVM
Author
Thiruvananthapuram, First Published Mar 23, 2020, 10:05 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് വ്യാപനം തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഇന്ന് അവൈലബിൾ കാബിനറ്റ് യോഗം നടക്കും. തലസ്ഥാനത്തുള്ള മന്ത്രിമാർ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കും. അതേസമയം കാസർകോടും പത്തനംതിട്ടയിലും കൂടുതൽ ഐസൊലേഷൻ സെന്ററുകൾ തുറക്കാൻ തീരുമാനമായിട്ടുണ്ട്. 

പത്തനംതിട്ടിയിൽ ഒരാൾക്കൂടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കാനഡയിൽ നിന്നെത്തിയ ആളാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഐസൊലേഷൻ കേന്ദ്രങ്ങൾ തുറക്കാൻ ജില്ലാ കളക്ടർ പിബി നൂഹ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കാസർകോട് നിരോധനാജ്ഞ തുടരുകയാണ്. ഇതിൽ ഒരു ഇളവും ഉണ്ടാകില്ലെന്ന് കളക്ടർ സജിത് ബാബു അറിയിച്ചു. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ജില്ലയിൽ 44 ഐസൊലേഷൻ വാർഡുകളും കൊവിഡ് സെന്ററുകളും തുടങ്ങും. ഇവ ഉടൻ പ്രവർത്തനം ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലും മുൻസിപാലിറ്റികളിലും കൊവിഡ് ഐസൊലേഷൻ കേന്ദ്രങ്ങൾ തുറക്കും.

ജില്ലയിൽ ഭക്ഷ്യ ക്ഷാമത്തിന് സാധ്യത ഇല്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഭക്ഷ്യലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വിദേശത്ത് നിന്നെത്തിയവർക്ക് നാട്ടുകാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ബുദ്ധിമുട്ടുണ്ടായാൽ ജില്ലാ ഭരണകൂടം ഇടപെടും. ഇവർക്ക് സംരക്ഷണം നൽകുമെന്നും കളക്ടർ വ്യക്തമാക്കി. 

ജില്ലയിലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനം. രോഗികളുടെ എണ്ണകൂടുതലും സമയനഷ്ടവും കണക്കിലെടുത്താണ് തീരുമാനം. ഇനി മുതൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരെ പ്രാദേശിക ജാഗ്രതാ സമിതികൾ നേരിട്ട് ബന്ധപ്പെടും.

അതിനിടെ കാസർകോട്ടെ കൊവിഡ് ബാധിതരിൽ കൂടുതൽ പേർ വ്യാപക സമ്പർക്കം നടത്തിയെന്ന് വ്യക്തമായി. തളങ്കര സ്വദേശിയും പൂച്ചകാട്‌ സ്വദേശിയും ആണ് കൂടുതൽ പേരുമായി ഇടപഴകിയത്. നേരത്തെ എരിയാൽ സ്വദേശിയും ഇതുപോലെ വ്യാപക സമ്പർക്കം പുലർത്തിയിരുന്നു.

റൂട്ട് മാപ്പ് കണ്ടു മാത്രം കൂടുതൽ ആളുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 17 പേർക്കാണ് ജില്ലയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗികൾ ക്വാറന്റൈൻ നിർദ്ദേശം പാലിക്കാതെ കറങ്ങിനടന്നത് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ജില്ലയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല. കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ തുറക്കാവൂ. അവശ്യ സേവനങ്ങൾ തടസമില്ലാതെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ നിർദ്ദേശിച്ചിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios