ഓഷിവാര: പീഡനപരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് യുവതിയുടെ കുടുംബം. മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധിക്കും മുമ്പ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് നീക്കം. കേസ് ശക്തമാക്കാന്‍ പുതിയ അഭിഭാഷകനെ നിയോഗിക്കുമെന്നും കുടുംബം വിശദമാക്കി.

കേസിൽ  ബിനോയ്‌ കോടിയേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് വരാനിക്കെയാണ് യുവതിയുടെ കുടുംബത്തിന്റെ നീക്കം. മുംബൈയിലെ  ദിൻഡോഷി സെഷൻസ് കോടതി ഉച്ചയ്ക്കുശേഷമാകും വിധി പറയുക. കഴിഞ്ഞ വെള്ളിയാഴ്ച  ബിനോയിയുടെ അപേക്ഷയിൽ വാദംകേട്ട  കോടതി  വിധിപറയുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റിയിരുന്നു. എന്നാൽ കേസ് പരിഗണിക്കുന്ന സെഷൻസ് ജഡ്ജി അവധി ആയതിനാൽ  ഇന്നത്തേക്ക് വീണ്ടും മാറ്റുകയായിരുന്നു.

ജൂൺ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനിൽ പീഡന പരാതി നൽകിയത്. കസ്റ്റ‍ഡിയിലെടുക്കാൻ മുംബൈ പൊലീസ് കേരളത്തിലെത്തിയപ്പോൾ ബിനോയ് ഒളിവിൽ പോവുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ ഉടന്‍ തന്നെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് മുംബൈ പൊലീസിന്‍റെ നീക്കം.