Asianet News MalayalamAsianet News Malayalam

മോന്‍സന് കുരുക്കായി ഭൂമി തട്ടിപ്പും; ഭൂമി പാട്ടത്തിന് നല്‍കാമെന്ന് ധരിപ്പിച്ച് തട്ടിയത് ഒരു കോടിയിലധികം

ഇതിനിടെ മോൻസൻ മാവുങ്കലിന്‍റെ വിദേശ കാറുകളെക്കുറിച്ച് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അന്വേഷണം തുടങ്ങി. 30 ആഡംബര കാറുകളിൽ 10 എണ്ണം വിദേശ കാറുകളാണ്. ഇതേക്കുറിച്ചാണ് കസ്റ്റംസ് പരിശോധന. 

More fraud case against monson mavunkal
Author
Wayanad, First Published Sep 29, 2021, 7:14 AM IST

വയനാട്: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസന്‍ മാവുങ്കലിന് (monson mavunkal) കുരുക്കായി ഭൂമി തട്ടിപ്പും. വയനാട്ടിൽ (wayanad)  500 ഏക്കർ ഭൂമി പാട്ടത്തിന് നൽകാമെന്ന് ധരിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്. പാലാ മീനച്ചിൽ സ്വദേശി രാജീവ്‌ ശ്രീധരനെ വഞ്ചിച്ച് ഒരു കോടി 72 ലക്ഷം രൂപയാണ് മോൻസൻ തട്ടിയെടുത്തത്.  ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും രാജീവ് പണം നൽകിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബീനാച്ചി എസ്റ്റേറ്റ് ഭൂമിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഈ കേസിൽ മോൻസന്റെ അറസ്റ്റ് രേഖപ്പെടുത്തി.

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസനെ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പുരാവസ്തുക്കളുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പാണ് മോൻസൻ മാവുങ്കൽ നടത്തിയതെന്നും ഉന്നതരെ മറയാക്കി നടന്ന തട്ടിപ്പിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു ക്രൈംബ്രാ‌ഞ്ചിന്‍റെ വാദം. ഡിജിറ്റൽ തെളിവ് അടക്കം ലഭിക്കാനുള്ളതിനാൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയെ  തൃപ്പൂണിത്തുറ ഓഫീസിലെത്തിച്ച് വൈകാതെ ചോദ്യം ചെയ്യൽ തുടങ്ങും.  

ഇതിനിടെ മോൻസൻ മാവുങ്കലിന്‍റെ വിദേശ കാറുകളെക്കുറിച്ച് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അന്വേഷണം തുടങ്ങി. 30 ആഡംബര കാറുകളിൽ 10 എണ്ണം വിദേശ കാറുകളാണ്. ഇതേക്കുറിച്ചാണ് കസ്റ്റംസ് പരിശോധന. വിദേശത്ത് നിന്ന് എത്തിച്ചതെന്ന് അവകാശപ്പെടുന്ന പുരാവസ്തുക്കളുടെ വിശദാംശങ്ങൾ ഹാജരാക്കാനും ഇവ സൂക്ഷിക്കാനുള്ള രേഖകള്‍ നൽകാനും കസ്റ്റംസ് നോട്ടീസ് നല്‍കി.

മോൻസനെതിരെ വനംവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മോൻസൻ മാവുങ്കലിന്‍റെ മ്യൂയിസത്തിലെ ആനക്കൊമ്പുകളെ കുറിച്ചാണ് വനംവകുപ്പ് പരിശോധന നടത്തുന്നത്. കലൂരിലെ മ്യൂസിയത്തിലെ ദൃശ്യങ്ങളിൽ ആനക്കൊമ്പ് എന്ന് തോന്നുന്നവ ഘടിപ്പിച്ചതായി കണ്ടിരുന്നു. ഇവ യഥാർത്ഥ ആനക്കൊമ്പ് തന്നെയാണോ എന്നതടക്കമാണ് പരിശോധിച്ചത്. മറ്റ് വന്യജീവികളുടെ കൊമ്പുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios