തിരുവന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ ഈ കടകൾക്ക് തുറക്കാം. നാളെ മുതൽ ഇളവ് പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള മലപ്പുറത്ത് ഈ ഉത്തരവ് ബാധകമല്ല, മറ്റ് പതിമൂന്ന് ജില്ലകളിലും കട തുറക്കാം. 

സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും മെല്ലെ കുറയുന്നുണ്ട്. ഇന്ന് 22,318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,94,40,287 സാമ്പിളുകൾ പരിശോധിച്ചു.

മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona