കോഴിക്കോട് കോർപ്പറേഷനിലും സ്ഥാനാർഥി പട്ടികയിൽ പ്രതിനിധ്യം ഉണ്ടാകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ സീറ്റ് നൽകുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. കോഴിക്കോട് കോർപ്പറേഷനിലും സ്ഥാനാർഥി പട്ടികയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രതിനിധ്യം ഉണ്ടാകും. കൂടുതൽ ന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് വരും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീം ഭവന സന്ദർശന പരിപാടി നടക്കുന്നുണ്ട്. നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ ലഭിച്ച അവസരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. രണ്ട് ദിവസത്തിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇതുവരെ പരിഹരിക്കാത്ത പ്രശ്നങ്ങൾ ബിജെപി പരിഹരിച്ചിരിക്കുമെന്ന് ഉറപ്പ് നൽകിയ രാജീവ് ചന്ദ്രശേഖർ ബിജെപി അഴിമതിരഹിത ഭരണം കൊണ്ടുവരുമെന്നും കൂട്ടിച്ചേർത്തു.
ബിജെപി ചോദിക്കുന്നത് ഭരിക്കാന്‍ ഒരവസരമാണ്. ഇവിടെ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. തിരുവനന്തപുരം കോര്‍പറേഷൻ തന്നെ നോക്കിയാൽ ഇവിടെ എത്രയോ പ്രശ്നങ്ങളാണ് പത്ത് കൊല്ലമായിട്ട് പരിഹരിക്കാത്തത്. മാലിന്യം, പട്ടിശല്യം, റോഡ‍് തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാതെ നിൽക്കുന്നു. വികസിത അനന്തപുരി, വികസിത പഞ്ചായത്ത്, വികസിത മുനിസിപ്പാലിറ്റി എന്നതാണ് ഞങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന വികസനം. ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് ഭരിക്കാൻ ഞങ്ങള്‍ക്കൊരു അവസരം തരൂ എന്നാണ്. 365 ദിവസം 24 മണിക്കൂറും ജനങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ച് പ്രവര്‍ത്തിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഒരവസരം തരൂ എന്നാണ് ഞങ്ങള്‍ പറയുന്നത്. റിസള്‍ട്ടിനെക്കുറിച്ച് ഒന്നും പറയുന്നില്ല, ജനങ്ങള്‍ തീരുമാനിക്കും.' രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് 2 ഘട്ടങ്ങളിൽ
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിര്‍ദേശ പത്രിക നൽകാം.



