Asianet News MalayalamAsianet News Malayalam

10,000ത്തിലേറെ അങ്കണവാടികളുടെ പ്രവർത്തനം സൗകര്യങ്ങളില്ലാത്ത വാടക കെട്ടിടങ്ങളിൽ,ദുരിതം അനുഭവിച്ച് കുഞ്ഞുങ്ങൾ

കേരളത്തില്‍ 33115 അങ്കണ്‍വാടികളുളളതില്‍ 11000ത്തോളം അങ്കണ്‍വാടികള്‍ക്കും സ്വന്തം കെട്ടിടമില്ല

More than 10,000 nursery schools are functioning in rented buildings with no facilities
Author
Kozhikode, First Published Aug 9, 2022, 7:50 AM IST

കോഴിക്കോട് :സംസ്ഥാനത്ത് പതിനൊന്നായിരത്തോളം അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടങ്ങളില്‍.അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുടുസു മുറികളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടികളും ഏറെ.ശിശു പരിപാലന കാര്യത്തില്‍ കേരളം പിന്നിലെന്ന കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്‍റെ വിവാദ പരാമര്‍ശം ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു.

ആര്‍എസ്എസ് വേദിയിലെ മേയറുടെ സാന്നിധ്യം പാര്‍ട്ടി നിലപാടിന് വിരുദ്ധമായതിനാല്‍ ഈ നടപടി തളളിപ്പറയുന്നുവെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന. എന്നാല്‍ ശിശുപരിപാലനത്തില്‍ കേരളത്തെ തളളിപ്പറയാന്‍ മേയറെ പ്രേരിപ്പിച്ചതെന്ത് ? ശിശു പരിപാലനത്തില്‍ പ്രധാന ചുമതലയുളള കേന്ദ്രങ്ങളുടെ ദുസ്ഥിതിയാണോ മേയറെക്കൊണ്ട് ഇത്രയെല്ലാം പറയിച്ചത് ? കോര്‍പറേഷന്‍ ഓഫീസിന് തൊട്ടടുത്തുളള ചില അങ്കണ്‍വാടികളിലെ കാഴ്ചകൾ അതി ദയനീയമാണ്

എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന മേൽക്കൂരയും ചുവരും. കക്കൂസും അടുക്കളയും അടുത്തടുത്ത്. കുട്ടികളെ ഉറക്കാൻ കിടത്താൻ ഇടമില്ല. അങ്ങനെ ആകെ ദുരിതം.സ്വന്തമായി കെട്ടിടമില്ലാത്തൊരു അങ്കണ്‍വാടിയെക്കുറിച്ചുളള പരാതികളാണിത്. 

കേരളത്തില്‍ 33115 അങ്കണ്‍വാടികളുളളതില്‍ 11000ത്തോളം അങ്കണ്‍വാടികള്‍ക്കും ഇത്തരത്തില്‍ സ്വന്തം കെട്ടിടമില്ല. കോഴിക്കോട് ജില്ലയില്‍ 600ഓളം അങ്കണ്‍വാടികള്‍ ഇത്തരത്തിലുണ്ട്. തുച്ഛമായ വാടക നല്‍കി കുടുസു മുറികളിലാണ് പ്രവര്‍ത്തനം. സ്വന്തമായി കെട്ടിടം വേണമെങ്കില്‍ വന്‍ തുക മുടക്കി ഭൂമി വാങ്ങണം. സര്‍ക്കാര്‍ അനുവദിക്കുന്ന തുകയാകട്ടെ പരിമിതവും. പലയിടത്തും ഭൂമി ലഭ്യവുമല്ല. ഇത്തരം സാഹചര്യത്തിലാണ് തുച്ഛമായ വാടക നല്‍കി പലയിടത്തും അങ്കണ്‍വാടികള്‍ തട്ടിക്കൂട്ടുന്നത്. അനുഭവിക്കുന്നതാകട്ടെ ഏറ്റവുമധികം പരിഗണന ആവശ്യമായ കരുന്നുകളും. 

സ്വന്തമായി കെട്ടിടമുളള അങ്കണ്‍വാടികളുടെ സ്ഥിതിയോ നേരെ മറിച്ചും. കോര്‍പറേഷന് സമീപത്തെ മറ്റൊരു അങ്കണ്‍വാടി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ശിശു സൗഹൃദ കെട്ടിടം, മെച്ചപ്പെട്ട വിനോദ ഉപാധികള്‍ തുടങ്ങി മെച്ചപ്പെട്ട സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. അതായത് ശിശുപരിപാലന രംഗത്തെ പൊരുത്തക്കേടും വേര്‍തിരിവും കോര്‍പറേഷന്‍ പരിസരത്തു തന്നെ പ്രകടം. 

വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടികള്‍ക്ക് തൊട്ടടുത്ത സര്‍ക്കാര്‍ സ്കൂളുകളില്‍ സൗകര്യമൊരുക്കണമെന്ന നിര്‍ദ്ദേശം പല ഘട്ടങ്ങളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധയിലെ വെളളയിലില്‍ ഇതു സംബന്ധിച്ച തര്‍ക്കം സംഘര്‍ഷത്തിലെത്തുകയും വിഷയം കോടതി കയറുകയും ചെയ്തു. ചുരുക്കത്തില്‍ ആര്‍എസ്‍എസ് വേദിയിലെ മേയറുടെ പ്രസംഗം രാഷ്ട്രീയ വിവാദത്തിനൊപ്പം ശിശുപരിപാലനവുമായി ബന്ധപ്പെട്ട ചില അടിസ്ഥാന പ്രശ്നങ്ങളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്.

Follow Us:
Download App:
  • android
  • ios