കാസര്‍കോട്: കര്‍ണാടകയില്‍ നിന്നെത്തി കാസര്‍കോട്ടെ വിവിധ സ്‍കൂളുകളില്‍ താമസിച്ച് പഠിക്കുന്ന പത്താം ക്ലാസുകാരുടെ ആശങ്കയ്ക്ക് പരിഹാരവുമായി ജില്ലാ ഭരണകൂടം. കാസര്‍കോട്ട് എസ്എസ്എല്‍എസി പരീക്ഷ എഴുതേണ്ട 297 കുട്ടികള്‍ വരേണ്ടത് കര്‍ണാടകയില്‍ നിന്നാണ്. വീടിനോട് ചേര്‍ന്നുള്ള സ്‍കൂളുകളില്‍ നേരിട്ട് നടന്നെത്താന്‍ കഴിയുന്ന 33 കുട്ടികള്‍ ഒഴികെ ബാക്കിയുള്ളവരെ ജില്ലാ ഭരണകൂടം സ്‍കൂളുകളിലെത്തിക്കും. 

മെയ് 26 ന് പരീക്ഷ തുടങ്ങുന്നതിനാല്‍ മെയ് 25 ന് രാവിലെ എല്ലാവരും തലപ്പാടി ചെക്ക് പോസ്റ്റില്‍ എത്തണം. അവിടെ നിന്ന് ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയ കെഎസ്ആര്‍ടിസി ബസുകളില്‍ കുട്ടികളെ അതത് സ്കൂളുകളിലെത്തിക്കും. എല്ലാ കുട്ടികളും കൊവിഡ് 19 ജാഗ്രത എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പാസ്സ് കൈപ്പറ്റണം. 

പാസ്സ് കിട്ടിയില്ലെങ്കിലും രജിസ്റ്റര്‍ ചെയ്തതിന്‍റെ വിവരങ്ങളുമായി തലപ്പാടിയില്‍ എത്തിയാല്‍ മതിയെന്നും തീരുമാനമെടുത്തിട്ടുണ്ട്. സ്‍കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് താമസിപ്പിക്കാനും മാസ്കുകളും സാനിറ്റൈസറും ലഭ്യമാക്കാനും ബന്ധപ്പെട്ട സ്‍കൂളുകള്‍ക്ക്  ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി.