പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചു, മരണം തൃശൂര്‍ മെിക്കൽ കോളേജിൽ വച്ച്
പ്രസവശേഷം ഗുരുതരാവസ്ഥയിലായ അനിതയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം

പാലക്കാട് : പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനു എത്തിയ നല്ലേപ്പിള്ളി സ്വദേശി
അനിതയും നവജാത ശിശുവുമാണ് മരിച്ചത്. പ്രസവശേഷം ഗുരുതരാവസ്ഥയിലായ അനിതയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക്
മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ നിലവിൽ ലഭ്യമല്ല. പ്രസവവേദന വരാത്തതിനെ തുടര്‍ന്ന് സിസേറിയൻ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതോടെ തൃശൂര്‍ മെിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ ഐസിയുവിൽ വച്ചാണ് മരിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി. വേങ്ങപ്പള്ളി സ്വദേശി ഗ്രിജേഷിന്‍റെ ഭാര്യ ഗീതുവാണ് മരിച്ചത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇന്നലെ രാവിലെയാണ് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 32 വയസുകാരിയായ ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് മണിക്കൂറുകൾക്കകം ആരോഗ്യ സ്ഥിതി വഷളായി. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.
ഇതിനിടെ തൃശൂർ മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. വാണിയമ്പാറ സ്വദേശിനി ശകുന്തള ( 52 ) ആണ് ഇന്നലെ മരിച്ചത്. ചൊവ്വാഴ്ചയാണ് ശകുന്തളയെ ആശുപത്രിയിലെത്തിച്ചത്. നെഞ്ചുവേദനയുണ്ടായിട്ടും കാർഡിയോളജിസ്റ്റ് പരിശോധിച്ചില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അത്യാസന്ന നിലയിലായിട്ടും ഐ സി യുവിൽ പ്രവേശിപ്പിച്ചില്ല. വെറും നിലത്താണ് കിടത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.
Read More : 'തൃശൂര്‍ മെഡിക്കൽ കോളേജിൽ രോഗിയുടെ മരണം ചികിത്സാ പിഴവ് മൂലം', ആരോപണവുമായി ബന്ധുക്കൾ