കൊച്ചി: എറണാകുളം ഞാറക്കലിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചനിലയിൽ. അമ്മയെയും മൂന്ന് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എടവനക്കാട് കൂട്ടുങ്ങൽ ചിറയിൽ മത്സ്യത്തൊഴിലാളിയായ സനലിന്റെ ഭാര്യ വിതീത(25) മക്കളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

വിനീതയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നാലുവയസുകാരൻ വിനയ്, രണ്ട് വയസുള്ള ശ്രാവൺ, നാലുമാസം മാത്രം പ്രായമുള്ള ശ്രേയ എന്നിവര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലർത്തി നല്‍കിയ ശേഷം വിനീത തൂങ്ങിമരിച്ചെന്നാണ് നിഗമനം.

കിടപ്പ് മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹാളിൽ കിടന്നുറങ്ങിയ  ഭർത്താവ് സനൽകുമാർ ആണ് പുലർച്ചയോടെ സംഭവം ആദ്യം കാണുന്നത്. തുടര്‍ന്ന് അടുത്തുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു .ആത്മഹത്യ കുറിപ്പിൽ വിനീത കുടുംബപ്രശ്നങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. എന്നാൽ കുടുംബ പ്രശ്നങ്ങൾ ഇല്ലെന്നാണ് ബന്ധുക്കളുടെ മൊഴി. വിനീതയും മത്സ്യത്തൊഴിലാളിയായ സനലും പ്രണയവിവാഹിതരാണ്. ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.