Asianet News MalayalamAsianet News Malayalam

നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അമ്മയുടെ സമരം

മരിച്ച പൃഥ്വിരാജിന്‍റെ അമ്മൂമ്മയടക്കമുളള ബന്ധുക്കളോടൊപ്പമാണ് നന്ദിനി സമരം ചെയ്യുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെയാണ് സത്യാഗ്രഹം. 

mother strike before aluva district hospital demanding investigation on child death
Author
kochi, First Published Aug 29, 2020, 3:44 PM IST

കൊച്ചി: ആലുവയിൽ നാണയം വിഴുങ്ങി മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും സമരം തുടങ്ങി. ആലുവ ജില്ലാ അശുപത്രിക്ക് മുന്നിലാണ് അനിശ്ചതകാല സമരം നടത്തുന്നത്. മൂന്നു വയസുകാരനായ മകന്‍റെ യഥാർത്ഥ മരണ കാരണം അറിയണമെന്നാണ് അമ്മ നന്ദിനിയുടെ പ്രധാന ആവശ്യം. ഒപ്പം കുറ്റക്കാരായവർക്ക് എതിരെ നിയമ നടപടിയും വേണം. അതു ലഭിക്കും വരെ ആശുപത്രിക്കു മുന്നിൽ ഈ സമരം തുടരും. 

മരിച്ച പൃഥ്വിരാജിന്‍റെ അമ്മൂമ്മയടക്കമുളള ബന്ധുക്കളോടൊപ്പമാണ് നന്ദിനി സമരം ചെയ്യുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെയാണ് സത്യാഗ്രഹം. നാണയം വിഴുങ്ങിയതിനെ തുടർന്ന് ഈ മാസം ഒന്നാം തിയ്യതിയാണ് മൂന്ന് വയസുകാരൻ പൃഥിരാജിനെ ആലുവ ജില്ല ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലുമെത്തിച്ചു. എന്നാൽ കുഞ്ഞിനെ കിടത്തി നിരീക്ഷിക്കാൻ പോലും അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം. സമരം നടക്കുന്നതറിഞ്ഞ് അലുവ എംഎൽഎ സ്ഥലത്തെത്തി ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു

പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്‍റെ ശരീരത്തിൽ നിന്ന് രണ്ട് നാണയങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ നാണയം വിഴുങ്ങിയതല്ല മറിച്ച് ശ്വാസംമുട്ടിയതാണ് മരണകാരണമെന്നാണ് രാസപരിശോധന ഫലം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios