തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പാക്കുന്നതിലെ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വിളിച്ച ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പിഴത്തുക കുറയ്ക്കുന്നതിന്‍റെ സാധ്യത യോ​ഗം പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്‍റെ അന്തിമ നിലപാട് വന്നതിനുശേഷം മാത്രം പുതിയ വിജഞാപനം ഇറക്കാനാണ് സാധ്യതയെന്നാണ് വിവരം.

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ പത്തിരട്ടിവരെ വർധിപ്പിച്ചാണ്‌ കേന്ദ്രം നിയമം ഭേദഗതി ചെയ്‌ത വിജ്ഞാപനം പുറത്തിറക്കിയത്. കേന്ദ്ര നിയമം വന്നയുടനെ സംസ്ഥാനവും മോട്ടോർ വാഹന നിയമം ഭേ​​ദ​ഗതി ചെയ്തുള്ള വിജ്ഞാപനമിറക്കി. ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ സംസ്ഥാനത്താകമാനം വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പുനരാലോചനക്ക് സര്‍ക്കാര്‍ തയ്യാറായത്.

കേന്ദ്ര നിയമമനുസരിച്ച് വിജ്ഞാപനം ഇറക്കാത്ത സംസ്ഥാനങ്ങള്‍ നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിത്തുടങ്ങി. ഈ സഹാചര്യത്തില്‍ നിയമപരമായ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ഗതാഗത സെക്രട്ടറിക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ നിർദ്ദേശം നല്‍കിയിരുന്നു. പിഴത്തുക പകുതിയാക്കാനുള്ള ആലോചനയാണ് നടക്കുന്നതെങ്കിലും ഇതില്‍ വ്യക്തത വന്നിട്ടില്ല. ഉയര്‍ന്ന പിഴയില്‍ ഒറ്റത്തവണ ഇളവ് നല്‍കിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.

പിഴത്തുക സംസ്ഥാനങ്ങൾക്ക്‌ നിശ്ചയിക്കാമെന്ന്‌ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി അറിയിച്ചെങ്കിലും ഉത്തരവ്‌ പുറത്തിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്‍റെ വിശദീകരണ ഉത്തരവ് വരുന്നതുവരെ സംസ്ഥാനത്തിന്‍റെ തീരുമാനം നീളാനാണ് സാധ്യത.