Asianet News MalayalamAsianet News Malayalam

വേഗപ്പൂട്ടിലെ ക്രമക്കേടിൽ ക്രിമിനൽ നടപടി, വീഴ്ചയുണ്ടായാൽ ഇനി ഉദ്യോഗസ്ഥരും ഉത്തരവാദികൾ : ഗതാഗതമന്ത്രി

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെടാനുള്ള കാരണം അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.

motor vehicle department to start three level inspection in vehicles say  ministers antony raju
Author
First Published Oct 10, 2022, 5:52 PM IST

തിരുവനന്തപുരം : വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെടാനുള്ള കാരണം അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് വിശദമായി പരിശോധിച്ചു. വേഗത നിയന്ത്രിക്കുന്ന ഉപകരണം അപകടത്തിൽപ്പെട്ട ബസിൽ നിന്നും എടുത്തു മാറ്റിയിരുന്നുവെന്നാണ് കണ്ടെത്തൽ. അനധികൃതമായി വാഹനത്തിൽ മാറ്റം വരുത്തിയവർക്കെതിരെ അന്വേഷണം നടത്തി ക്രിമിനൽ നടപടി എടുക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. വടക്കഞ്ചേരി അപകടത്തിൽപ്പെട്ട ബസ്സ് കരിമ്പട്ടികയിലുള്ളതാണ്. ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ യാത്ര തടയാനാവില്ലായിരുന്നു. 

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. വാഹനങ്ങളിലെ വേഗപ്പൂട്ടുകളിൽ കൃത്രിമം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സംസ്ഥാന വ്യാപകമായി നിലവിൽ നടക്കുന്ന പരിശോധന തുടരും. സംസ്ഥാനത്തെ 86 ആർടിഒ ഓഫീസുകളുടെയും പരിധിയിലെ ടൂറിസ്റ്റ്, സ്വകാര്യ ബസ്സുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകും. ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും. വാഹനങ്ങളിൽ മൂന്ന് തലത്തിലുള്ള പരിശോധനയാകും ഇനി കേരളത്തിലുണ്ടാകുക.

 'നിയമലംഘനം നടത്തിയാൽ  ഫിറ്റ്നസ് റദ്ദാക്കണം, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണം'; സൗമ്യത വേണ്ടെന്ന് ഹൈക്കോടതി

ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതിനൊപ്പം ട്രെയിനിംഗ് കോഴ്സുകളും നടത്തും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എക്സൈസ് വകുപ്പുമായി ചേർന്ന് പരിശോധന നടത്തും. ഏകീകൃത കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. രൂപമാറ്റം വരുത്തിയാലുള്ള പിഴ ഓരോ രൂപമാറ്റത്തിനും അയ്യായിരത്തിൽ നിന്നും 10000 രൂപയാക്കി ഈടാക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. നവംബർ ഒന്ന് മുതൽ മറ്റ് സംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങളും കേരളത്തിൽ നികതിയടക്കണം. എല്ലാ ആഴ്ചകളിലും അവലോകനം നടത്തും. വാഹനങ്ങൾക്ക് അനധികൃതമായി മാറ്റം വരുത്തുന്ന വർക്ക് ഷോപ്പ് ഉടമകൾക്കെതിരെ നടപടിയുണ്ടാകും.  നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയിലേക്ക് പോകുമ്പോൾ വിനോദ സഞ്ചാരത്തെ ബുദ്ധിമുട്ടിക്കുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വാഹന പരിശോധന നടത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. 

ഓരോ ബസിനും ഒരോ ഉദ്യോഗസ്ഥൻ, ഡീലര്‍മാര്‍ക്കും പണിവരുന്നു, ഡ്രൈവര്‍ ഹിസ്റ്ററിയും എംവിഡിക്ക്!

Follow Us:
Download App:
  • android
  • ios