മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലെ ഉയര്‍ന്ന പിഴ കുറയ്ക്കാന്‍ അധികാരമില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു. എന്നാല്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് സംസ്ഥാന ഗതാഗത വകുപ്പിന്‍റെ നിലപാട്. 

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി വിവാദത്തിലേക്ക്. മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലെ ഉയര്‍ന്ന പിഴ കുറയ്ക്കാന്‍ അധികാരമില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു. എന്നാല്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് സംസ്ഥാന ഗതാഗത വകുപ്പിന്‍റെ നിലപാട്.

മോട്ടോര്‍ വാഹന നിയമ ഭേദഗതിയനുസരിച്ച് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഉയര്‍ത്തി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഹെല്‍മറ്റ് ധരിക്കാത്തതിന് 1000 രൂപയുള്‍പ്പടെയുള്ള കനത്ത പിഴക്കെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധമുണ്ടായി. മദ്യപിച്ച് വാഹനമോടിക്കുന്നതൊഴിച്ചുള്ള മിക്ക നിയമലംഘനങ്ങള്‍ക്കും പിഴ പകുതിയായി കുറച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നവംബര്‍ ഒന്ന് മുതല്‍ നടപ്പാക്കി. 

 പാര്‍ലമെന്‍റ് പാസാക്കിയ നിയമപ്രകാരമുള്ള പിഴ ത്തുക കുറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന് കിട്ടിയ നിയമോപദേശം. ഈ സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചത്. എന്നാല്‍ കേരളത്തിന്‍റെ പേര് എടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ നിലവിലെ സ്ഥിതി തുടരുമെന്നുമാണ് ഗതാഗത വകുപ്പിന്‍റെ വിശദീകരണം.

മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം ഉയര്‍ന്ന പിഴ നിശ്ചയിച്ചത് റോഡ് സുരക്ഷ ഉറപ്പു വരുത്താനാണെന്നാണ് കേന്ദ്ര സര്‍ക്കാരിറെ നിലപാട്. സംസ്ഥാനത്ത് പിഴ കുറച്ച നടപടി വരും ദിവസങ്ങളില്‍ നിയമ പോരാട്ടങ്ങള്‍ക്ക് വഴിവച്ചേക്കുമെന്നും സൂചനയുണ്ട്. 

*Representational Image