കോൺഗ്രസ് മതേതര പാർട്ടിയാണ്. മതം നോക്കിയല്ല അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. പ്രസിഡൻ്റിനെ മാറ്റാനോ, പുതിയ ആളെ നിശ്ചയിക്കാനോ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടില്ല എന്ന് ബെന്നി ബഹന്നാൻ.
പാലക്കാട്: കെപിസിസി നേതൃമാറ്റ ചർച്ചകളിൽ പ്രതികരിച്ച് എംപി ബെന്നി ബഹന്നാൻ. കെപിസിസി പ്രസിഡന്റ് ആരായാലും ഹൈക്കമാന്റ് തീരുമാനിക്കുമെന്നും സഭയല്ല കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതെന്നും ബെന്നി ബഹന്നാൻ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷപദവിയിൽ നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ബെന്നി ബഹന്നാൻ പ്രതികരിച്ചത്.
'കോൺഗ്രസ് മതേതര പാർട്ടിയാണ്. മതം നോക്കിയല്ല അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. പ്രസിഡൻ്റിനെ മാറ്റാനോ, പുതിയ ആളെ നിശ്ചയിക്കാനോ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടില്ല. അനാവശ്യ ചർച്ചകൾ പ്രവർത്തകർ വിശ്വസിക്കരുത്. പദവിയല്ല എപ്പോഴും പാർട്ടിക്ക് വിധേയനായി തുടരാനാണ് വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നത്. മാധ്യമങ്ങളുമായി ബന്ധമുള്ളവർ പ്രതികരിക്കുമ്പോൾ അത് വാർത്തയാകുന്നു' എന്നും ബെന്നി ബഹന്നാൻ മാധ്യങ്ങളോട് പ്രതികരിച്ചു.


