കോടതി വിധിയുടെ പകർപ്പ് സംഘടനാ ഭാരവാഹികൾക്കാർക്കും കിട്ടിയിട്ടില്ലെന്നും ഷൈജലിനെ പങ്കെടുപ്പിക്കാൻ സാധിക്കില്ലെന്നുമാണ് എം എസ് എഫിന്‍റെയും മുസ്ലിം ലീഗ് നേതാക്കളുടെയും നിലപാട് 

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട് ചേരും. ഹരിത വിഷയത്തിൽ പരാതിക്കാർക്കൊപ്പം നിന്നതിന് പുറത്താക്കപ്പെട്ട മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജൽ ഇന്നത്തെ യോഗത്തിനെത്തും. പുറത്താക്കിയ നടപടിക്കെതിരെ ഷൈജൽ കൽപ്പറ്റ മുൻസിഫ് കോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. കോടതി ഉത്തരവോടെയാണ് ഷൈജൽ യോഗത്തിനെത്തുക.

എന്നാൽ കോടതി വിധിയുടെ പകർപ്പ് സംഘടനാ ഭാരവാഹികൾക്കാർക്കും കിട്ടിയിട്ടില്ലെന്നും ഷൈജലിനെ പങ്കെടുപ്പിക്കാൻ സാധിക്കില്ലെന്നുമാണ് എം എസ് എഫിന്‍റെയും മുസ്ലിം ലീഗ് നേതാക്കളുടെയും നിലപാട്. ഷൈജൽ യോഗത്തിനെത്തിയാൽ തടയാനും സാധ്യതയുണ്ട്. രാവിലെ പത്തുമണിക്ക് കോഴിക്കോട് എം എസ് എഫ് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം. അച്ചടക്ക ലംഘനം കണ്ടെത്തിയാണ് ഷൈജലിനെ എം എസ് എഫിൽ നിന്നും , ലീഗിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം.