Asianet News MalayalamAsianet News Malayalam

മുസ്ലിം വിരുദ്ധ മുദ്രാവാക്യം 'വികാരത്തള്ളിച്ച', പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണ്ടെന്ന് എംടി രമേശ്

കേരളത്തിൽ മുസ്ലിങ്ങൾ മാത്രമല്ല വോട്ടുള്ള വിഭാഗമെന്നും വേറെയും വിഭാഗങ്ങളുണ്ടെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും എംടി രമേശ് പറഞ്ഞു

MT Ramesh on Anti-muslim slogans of BJP workers
Author
Kozhikode, First Published Jan 14, 2020, 9:04 PM IST

കോഴിക്കോട്: കുറ്റ്യാടിയിൽ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ റാലിയിൽ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി വേണ്ടെന്ന് എംടി രമേശ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് എംടി രമേശ്. കുറ്റ്യാടിയിലെ പരിപാടിയിൽ എംടി രമേശും സംബന്ധിച്ചിരുന്നു.

എന്നാൽ പ്രവര്‍ത്തകര്‍ വിളിച്ച ഇത്തരം മുദ്രാവാക്യത്തോട് ബിജെപിക്ക് യോജിപ്പില്ലെന്നും എം ടി രമേശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുസ്ലിം വോട്ട് കിട്ടാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് പിണറായി വിജയനെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിൽ മുസ്ലിങ്ങൾ മാത്രമല്ല വോട്ടുള്ള വിഭാഗമെന്നും വേറെയും വിഭാഗങ്ങളുണ്ടെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും എംടി രമേശ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ പോയത് സംസ്ഥാന സര്‍ക്കാരിന്റെ വിവരക്കേടാണെന്നും എംടി രമേശ് പരിഹസിച്ചു.

കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി നൽകിയത്.

നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്‍റെ ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ നിയമ ദേദഗതിക്കെതിരെ ആദ്യം മുതലേ വന്‍ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. 

പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ വശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നു.

രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ഉള്ളത്.  നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷകക്ഷികളും വിവിധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കേരള  മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയക്കുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios