കാസർകോട്: ക്രിമിനലുകളോടെന്ന പൊലെയാണ് കർണാടക പൊലീസ്  പെരുമാറിയതെന്ന് കസ്റ്റഡിയിലായിരുന്നു മാധ്യമപ്രവർത്തകർ. ഇത്രയും മണിക്കൂറുകൾ കസ്റ്റഡിയിൽ വച്ചിട്ടും ഭക്ഷണമോ വെള്ളമോ നൽകിയില്ലെന്നും വാനിനകത്ത് വച്ച് പരസ്‍പരം സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും ക്യാമറമാൻ പ്രതീഷ് കപ്പോത്തും റിപ്പോർട്ടർ മുജീബ് റഹ്മാനും കേരളത്തിലെത്തിയ ശേഷം പ്രതികരിച്ചു. 

കർണാടക പൊലീസിന്‍റെ കസ്റ്റഡിയിൽ ആയിരുന്ന ഞങ്ങളുടെ റിപ്പോർട്ടർ മുജീബ് റഹ്മാനും പ്രതീഷ് കപ്പോത്തിനും പറയാനുള്ളത്.

മുജീബ് : രാവിലെ എട്ടരവരെ ആശുപത്രിക്ക് മുന്നിൽ വച്ച് റിപ്പോർട്ട് ചെയ്യുന്നതിന് യാതൊരു വിധ തടസങ്ങളുമുണ്ടായിരുന്നില്ല. കമ്മീഷണർ വന്നപ്പോൾ അവിടെ നിന്ന് മാറുവാൻ ആവശ്യപ്പെട്ടു. തുടർന്ന് ആശുപത്രിക്ക് പുറത്തെത്തിയപ്പോഴാണ് കമ്മീഷണർ തന്നെയെത്തി അക്രഡിറ്റേഷൻ കാർഡ് ചോദിച്ചത്. അത് കാണിച്ചപ്പോൾ ഇത് കേരളത്തിന്‍റെ കാർഡാണെന്നും അത് വെരിഫൈചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു. അത് വരെ വാനിനകത്ത് ഇരിക്കണമെന്ന് പറഞ്ഞാണ് വാഹനത്തിനകത്തേക്ക് കയറ്റിയത്. എന്നാൽ വാഹനത്തിനകത്തേക്ക് കയറിയ ശേഷം മൊബൈൽ ഫോണുകളും ക്യാമറയുമെല്ലാം പിടിച്ച് വയ്ക്കുകയും പരസ്പരം സംസാരിക്കുന്നത് ഉൾപ്പെടെ വിലക്കുകയും ചെയ്തു. 

പ്രതീഷ് കപ്പോത്ത്: ക്രിമിനലുകളോടെന്ന പോലെയാണ് പൊലീസുകാർ പെരുമാറിയത്. ഏഴു മണിക്കൂറിലധികം കസ്റ്റഡിയിൽ വച്ചിട്ടും ഭക്ഷണമോ വെള്ളമോ നൽകിയില്ല. കർണാടക പൊലീസ് പിടികൂടിയ പ്രതികളെ കേരളത്തിന് കൈമാറാൻ കൊണ്ട് വരുന്നത് പൊലെയാണ് ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്. ഫോൺ പല തവണ അടിക്കുന്നുണ്ടായിരുന്നെങ്കിലും അത് നൽകുവാൻ പൊലീസ് കൂട്ടാക്കിയില്ല, ആരാണ് വിളിക്കുന്നതെന്ന് നോക്കുവാനും അനുവദിച്ചില്ല.