Asianet News MalayalamAsianet News Malayalam

കടിച്ചു തൂങ്ങണോ എന്ന് ഐസക്ക് തീരുമാനിക്കണം; ധനമന്ത്രിയെ സിപിഎം ഒറ്റപ്പെടുത്തുന്നുവെന്ന് മുല്ലപ്പള്ളി

സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്ത് വരികയാണ്. അപമാനിച്ച സിപിഎമ്മിൽ കടിച്ചു തൂങ്ങണോ എന്ന് ഐസക് തീരുമാനിക്കണം. ധനമന്ത്രിയെ തുടരെ തുടരെ ഒറ്റപ്പെടുത്തുകയാണെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം.

mullapally ramachandran says issac is being isolated inside cpm
Author
Kasaragod, First Published Dec 2, 2020, 10:16 AM IST

കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ നേട്ടമുണ്ടാക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും മന്ത്രിസഭ നാഥനില്ലാ കളരിയായെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു. കെഎസ്എഫ് ഇ റെയ്ഡോടെ ധനമന്ത്രി തോമസ് ഐസക്കിന് തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയായി. 

സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്ത് വരികയാണ്. അപമാനിച്ച സിപിഎമ്മിൽ കടിച്ചു തൂങ്ങണോ എന്ന് ഐസക് തീരുമാനിക്കണം. ധനമന്ത്രിയെ തുടരെ തുടരെ ഒറ്റപ്പെടുത്തുകയാണെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം.

സിപിഎമ്മിലെ വിഭാഗീയത പരസ്യമായി പുറത്ത് വരികയാണെന്നും സംസ്ഥാനമാകെ പിണറായി വിരുദ്ധ ചേരി ഉണ്ടായിക്കഴിഞ്ഞുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അവകാശപ്പെടുന്നു. കോടിയേരിക്കെതിരെ പടയൊരുക്കം നടത്തിയ പാർട്ടിയാണ് സിപിഎമ്മെന്നും പാർട്ടിയിൽ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്നുമാണ് കോൺഗ്രസ് നേതാവിന്റെ ആരോപണം. കോടിയേരിയോട് സിപിഎം നീതി കാണിച്ചില്ല, കോടിയേരിക്കെതിരെ പടയൊരുക്കം നടത്തിയ പാർടിയാണ് സിപിഎം. അവഹേളിതനായ ഐസക്ക് മന്ത്രിസഭയിലും, പാർട്ടിയിലും തുടരുന്നത് ആലോചിക്കണം. 

സിംസ് പദ്ധതിയെ ശക്തമായി എതിർക്കുന്നുവെന്നും ഇത് വ്യാപകമായ അഴിമതിയുടെ ഉദാഹരണമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. പ്രതിപക്ഷ നേതാക്കൻമാർക്കെതിരെയുള്ള വിജിലൻസ് കേസുകൾ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നു മുല്ലപ്പള്ളി അറിയിച്ചു.

പെരിയ കൊലപാതകം തന്നെയാണ് കാസർകോട്ട് ചർച്ചാ വിഷയമെന്നും യുവാക്കളുടെ കൊലപാതകം ജനങ്ങളുടെ മനസിൽ ഇപ്പോഴും നീറുന്ന ഓർമ്മയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സിബിഐ എന്ന് പറയുമ്പോൾ മുഖ്യമന്ത്രിക്ക് വിറളി പിടിക്കുന്നതെന്താണെന്നാണ് കെപിസിസി അധ്യക്ഷൻ്റെ ചോദ്യം. 

Follow Us:
Download App:
  • android
  • ios