Asianet News MalayalamAsianet News Malayalam

Mullaperiyar Dam : മുല്ലപ്പെരിയാറിലെ 7 ഷട്ടറുകൾ തുറന്നു, ആളിയാറിലെ 11 ഷട്ടറുകളും ഉയർത്തി; ജാഗ്രതാ നിർദ്ദേശം

കൂടുതൽ ഷട്ടറുകൾ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവർക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദേശം നൽകി.

mullaperiyar dam and aaliyar dam more shutters opened
Author
Idukki, First Published Nov 23, 2021, 9:47 PM IST

ഇടുക്കി/പാലക്കാട്: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam ) 7 സ്പിൽവേ ഷട്ടറുകൾ തുറന്നു. സെക്കന്റിൽ 4000 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കിവിടുന്നത്. രാവിലെ സ്പിൽവേയിലെ ഒരു ഷട്ടർ തുറന്നിരുന്നു. വൈകിട്ട് ആദ്യം  നാല് ഷട്ടറുകളും പിന്നീട് രണ്ട് ഷട്ടറുകളും കൂടി തുറന്നക്കുകയായിരുന്നു. കൂടുതൽ ഷട്ടറുകൾ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവർക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദേശം നൽകി.

വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയായി ഉയർന്നിട്ടുണ്ട്. കൂടുതൽ ഷട്ടറുകൾ തുറന്നത് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാൽ ജലനിരപ്പ് താഴ്ന്നേക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അതേ സമയം ഇടുക്കിയിൽ മലയോര മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയിലെത്തി. 

ആളിയാർ ഡാമിലെ 11 ഷട്ടറുകളും തുറന്നു 

മഴ കനത്തതോടെ ആളിയാറിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി. ആളിയാർ ഡാമിൽ 11 ഷട്ടറുകൾ 12 സെന്റി മീറ്റർ വീതമാണ് ഉയർത്തിയതെന്ന് പറമ്പിക്കുളം -ആളിയാർ സബ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.  4000 ക്യൂസെക്സ്  ജലമാണ്   തുറന്നുവിടുന്നത്.  ആളിയാർ പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നദിയിലൂടെയുള്ള നീരൊഴുക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട പുഴയോരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കൊച്ചി- ധനുഷ്കോടി ദേശീയ പാതയിലെ ബോഡി മെട്ട്- ബോഡി നായ്ക്കന്നൂർ റൂട്ടിൽ ഗതാഗതം നിരോധിച്ചു. എട്ടാം വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. 
മരങ്ങൾ കട പുഴകി വീഴുകയും ചെയ്തു. ഇന്നലെയും ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു

Follow Us:
Download App:
  • android
  • ios