Asianet News MalayalamAsianet News Malayalam

Mullaperiyar Dam Issue| വിവാദ മരംമുറി ഉത്തരവ്; സെക്രട്ടറിതല യോഗത്തിന്‍റെ മിനിറ്റ്സ് പുറത്ത്, സുപ്രധാനരേഖ

മരംമുറി അപേക്ഷ പരിഗണനയിലാണെന്ന് വനം സെക്രട്ടറിതന്നെ യോഗത്തിൽ പറഞ്ഞു. ഡാമിലേക്കുള്ള റോഡ് നവീകരണത്തിന്റെ അപേക്ഷയും പരിഗണനയിലെന്ന് കേരളം സമ്മതിച്ചു.

Mullaperiyar dam felling order Minutes of meeting is out
Author
Trivandrum, First Published Nov 11, 2021, 11:35 AM IST

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ  (Mullaperiyar) മരം മുറിക്കുള്ള അനുമതി നൽകിയത് ഉന്നതർ അറിഞ്ഞുവെന്നതിന് കൂടുതൽ തെളിവുകള്‍ പുറത്ത്. സെപ്റ്റംബര്‍ മാസത്തിൽ ചേർന്ന കേരള- തമിഴ്നാട് സെക്രട്ടറിതല യോഗത്തിലും കഴിഞ്ഞമാസം ചേർന്ന മേൽനോട്ട സമിതിയോഗത്തിലും മരംമുറിക്കാനുള്ള നടപടികള്‍ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് കേരളം അറിയിച്ചു. നിർണായക യോഗങ്ങളും മിനിറ്റ്സുകളുടെ പകർപ്പും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സർക്കാരോ ഉന്നത ഉദ്യോഗസ്ഥരോ അറിയാതെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് മരംമുറി ഉത്തരവിറക്കിയതെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് മരംമുറിയുടെ നിർണായ രേഖകള്‍ പുറത്തുവരുന്നത്. 

സെപ്റ്റംബര്‍ 17ന് ചേർന്ന കേരള-തമിഴ്നാട് സെക്രട്ടറിതല യോഗത്തില്‍ മുല്ലപ്പെരിയാർ ഉൾപ്പടെ അന്തർസംസ്ഥാന ജലതർക്കങ്ങള്‍ യോഗം ചർച്ച ചെയ്തു. മുല്ലപ്പെരിയാർ ചർച്ചയിൽ വനംസെക്രട്ടറി രാജേഷ് കുമാർ സിൻഹ പറയുന്നതിനെങ്ങനെ - 15 മരങ്ങൾ മുറിക്കാനും അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി ചെയ്യണമെന്ന തമിഴ്നാടിൻെറ ആവശ്യത്തിലും നടപടികള്‍ പുരോഗമിക്കുകയാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഉള്‍പ്പെടെ കേരളത്തിൽ നിന്നുള്ള 14 ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. സെപ്റ്റംബര്‍ 17 ന് ചേര്‍ന്ന യോഗത്തിന്‍റെ മിനുറ്റസില്‍ വ്യക്തമാണിത്. 

കഴിഞ്ഞ മാസം 26 ന് ചേർന്ന മുല്ലപ്പെരിയാ‍ർ മേൽനോട്ട സമിതി യോഗത്തിന്‍റെ മിനിറ്റ്സില്‍ യോഗത്തിൻെറ അഞ്ചാമത്തെ തീരുമാനമായി പറയുന്നത്, തമിഴ്നാട് മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങളിൽ കേരളത്തിന്റെ വനംവകുപ്പിന്‍റെ അനുമതി വേഗത്തിലാക്കും. ജലവിഭവ അഡീഷണൽ സെക്രട്ടറിയാണ് കേരളത്തെ പ്രതിനിധികരിച്ച് യോഗത്തിൽ പങ്കെടുത്തത്. യോഗതീരുമാനം മേൽനോട്ടസമിതി സുപ്രീംകോടതിയെയും അറിയിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട യോഗത്തിന്‍റെ മിനിറ്റ്സെല്ലാം വകുപ്പ് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമെത്തും. 

ഈ മിനിറ്റ്സുകള്‍ മന്ത്രിമാർ കണ്ടിട്ടും അറിഞ്ഞില്ലെന്ന് പറയുന്നതാണോ അതോ മിനിറ്റ്സ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മന്ത്രിമാരെ കാണിക്കാത്തതാണോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. സുപ്രധാന യോഗങ്ങള്‍ക്ക് പിന്നാലെയാണ് ഈ മാസം അഞ്ചിന് മരംമുറിയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഉത്തരവിറക്കുന്നത്. സർക്കാർ അറിയാതെ നയമപരമായ ഉത്തരവിറക്കിയതിനാണ് ഇന്നലെ ബെന്നിച്ചൻ തോമസിനെ സസ്പെൻ് ചെയ്തത്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരായ മാത്രം നടപടിയുണ്ടായതിൽ ഐഎഫ്എസ് അസോസിയേഷൻ പ്രതിഷേധത്തിലാണ്. 

Follow Us:
Download App:
  • android
  • ios