Asianet News MalayalamAsianet News Malayalam

Mullaperiyar Dam: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ, സ്പിൽവേയിലെ 3 ഷട്ടർ കൂടി തുറന്ന് തമിഴ്നാട്

രാത്രിയിൽ അധികജലം തുറന്നു വിടരുതെന്നുള്ള സംസ്ഥാനത്തിൻറെ ആവശ്യം ഇന്നും തമിഴ് നാട് അംഗീകരിച്ചില്ല. നിലവിൽ 30 സെൻറീമീറ്റർ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. 

Mullaperiyar Dam  Tamil Nadu opens three more shutters on spillway
Author
Idukki, First Published Dec 4, 2021, 11:28 PM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ( Mullaperiyar Dam ) ജലനിരപ്പ് ( Water Level )  അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെ സ്പിൽവേയിലെ ( spillway ) മൂന്നു ഷട്ടർ കൂടി തമിഴ് നാട് തുറന്നു. രണ്ടു ഷട്ടറുകൾ രാത്രി എട്ടു മണിക്കാണ് തുറന്നത്. രാത്രിയിൽ അധികജലം തുറന്നു വിടരുതെന്നുള്ള സംസ്ഥാനത്തിൻറെ ആവശ്യം ഇന്നും തമിഴ്നാട് ( Tamil Nadu ) അംഗീകരിച്ചില്ല. 

നിലവിൽ 30 സെൻറീമീറ്റർ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. 1687 ഘനയടി വെള്ളമാണ് തമിഴ് നാട് കൊണ്ടു പോകുന്നത്.  സ്പിൽവേ ഷട്ടറുകൾ താഴ്ത്തുകയും തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം.  അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴ മൂലം നീരൊഴുക്കും കൂടിയിട്ടുണ്ട്. ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്  2400.78 അടിയായി കുറഞ്ഞു. 

Read More: Mullapperiyar : മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില; മുല്ലപ്പെരിയാറിൽ നിന്ന് ഇന്നലെ രാത്രിയിലും വെള്ളമൊഴുക്കി

മുല്ലപ്പെരിയാർ ഡാമിൻെറ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ തമിഴ്നാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില കൽപ്പിച്ച് മുല്ലപ്പെരിയാറിൽ നിന്നും ഇന്നലെ രാത്രിയിലും തമിഴ്നാട് വൻതോതിൽ വെള്ളമൊഴുക്കിയിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ അർധ രാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരക്ക് പെരിയാർ തീരത്തെ അളുകൾ നല്ലഉറക്കത്തിലായിരുന്ന സമയത്താണ് തമിഴ്നാട് എട്ടു ഷട്ടറുകൾ അറുപത് സെൻറിമീറ്റർ വീതം ഉയർത്തി വെളളം തുറന്നു വിട്ടത്.  വിവരമറഞ്ഞ റവന്യൂ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നിരുന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ നീട്ടുകാർ വീടു വിട്ട് റോഡിലേക്കിറങ്ങി. മൂന്നരയോടെ രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ തുറന്നുവിട്ട വെള്ളത്തിൻറെ അളവ് എണ്ണായിരം ഘനയടിയിലധികമായി. മഞ്ചുമല ആറ്റോരം, കശ്ശിക്കാട് ആറ്റോരം എന്നിവിടങ്ങളിലെ പത്തു വീടുകളിൽ വെള്ളം കയറി. കയ്യിൽ കിട്ടിയതും പെറുക്കി ആളുകൾ ഓടി രക്ഷപെട്ടു. ഈ സമയം അനൌൺസ്മെൻറുമായെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ വാഹനം പ്രദേശവാസികൾ തടഞ്ഞ് തിരിച്ചയച്ചു. ഒപ്പം റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധമുണ്ടായി.

അഞ്ചരയോടെ ഷട്ടറുകൾ അടച്ചു തുടങ്ങിയപ്പോഴാണ് വീടുകളിൽ നിന്നും വെളളം ഇറങ്ങിയത്. പിന്നീട് പത്തു മണിയായപ്പോൾ വീണ്ടും മൂന്നു ഷട്ടറുകൾ ഉയർത്തി. ആശങ്കയിലായ പെരിയാർ തീരദേശ വാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.  കൊട്ടാരക്കര ദിണ്ടുക്കൾ ദേശീയ പാതയും വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനും നാട്ടുകാർ ഉപരോധിച്ചു.

Follow Us:
Download App:
  • android
  • ios