കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം മുമ്പോട്ടു പോകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചിടിപ്പ് കൂടുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയും ഉപജാപക വൃന്ദവും കളങ്കിതരാണ്. സിപിഎം അതിജീവിക്കാൻ കൈകാലിട്ടടിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ധാർഷ്ട്യക്കാരനായ പിണറായി വിജയനമെ  മുഖ്യമന്ത്രിയാക്കിയതാണ് സിപിഎമ്മിന് ഉണ്ടായ ഏറ്റവും വലിയ ജാഗ്രതക്കുറവ്. സിപിഎമ്മിൻ്റെ വിവേകം കൊണ്ടല്ല, പ്രതിഷേധം മൂലമാണ് പൊലീസ് ആക്ട് നടപ്പാക്കാതിരുന്നത്. കഴിഞ്ഞ നാല് വർഷം കേരളം ഭരിച്ചത്  തസ്കര സംഘമാണ്.  ജനങ്ങൾ ഇത് പോലെ വഞ്ചിക്കപ്പെട്ട കാലം ഉണ്ടായിട്ടില്ല. ഇതിൽ നിന്നൊരു മോചനം കേരളം ആഗ്രഹിക്കുന്നു.

ബിജെപി വളർന്നാലും കോൺഗ്രസ് തളരണം എന്നതാണ് സി പി എം നിലപാട്. തെരഞ്ഞെടുപ്പിൽ പോരാട്ടം നടക്കുന്നത് കോൺഗ്രസും സിപിഎമ്മും തമ്മിലാണ്, ബിജെപിയും സിപിഎമ്മും തമ്മിലല്ല. ശബരിമലയെ കളങ്കപ്പെടുത്താനാണ് സിപിഎമ്മും ബിജെപിയും ശ്രമിച്ചത്. തദ്ദേശ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.