Asianet News MalayalamAsianet News Malayalam

'‍യുഡിഎഫിനെ താൻ തന്നെ നയിക്കണമെന്ന് ഹൈക്കമാൻഡ് പറഞ്ഞു', മത്സരിക്കില്ലെന്ന സൂചനയുമായി മുല്ലപ്പള്ളി

സോളാർ ഫയലുകളിൽ 5 വർഷമായി സർക്കാർ അടയിരിക്കുകയായിരുന്നു. എപ്പോഴാണ് മുഖ്യമന്ത്രിക്ക് സിബിഐയോട് സ്നേഹം വന്നത്. ജനശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് സിപിഎമ്മിന്റേത് എന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. 

Mullappally Ramachandran against cpm
Author
Thiruvananthapuram, First Published Jan 26, 2021, 11:58 AM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ താൻ തന്നെ നയിക്കണമെന്നാണ് ഹൈക്കമാന്‍റ് തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. താൻ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കെപിസിസി പ്രസിഡന്‍റായി തുടരുമെന്നും ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നു അദ്ദേഹം.

കെപിസിസി പ്രസി‍ഡന്‍റ് പദമെന്നത് തനിക്കും താത്പര്യമുള്ള പദമാണെന്ന് കെ സുധാകരൻ പറഞ്ഞ് ദിവസങ്ങൾക്കകമാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. മുല്ലപ്പള്ളി രാമചന്ദ്രന് കേരളത്തിൽ എവിടെയും മത്സരിക്കാം. കണ്ണൂർ മണ്ഡലത്തിൽ മത്സരിച്ചാൽ ജയിപ്പിക്കുമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളിക്കളയാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മുല്ലപ്പള്ളിയുടെ പ്രതികരണങ്ങള്‍. മത്സരിക്കുകയാണെങ്കിൽ കോഴിക്കോട്ടോ വയനാട്ടിലോ മത്സരിക്കാനാണ് മുല്ലപ്പള്ളിക്ക് താത്പര്യം. മത്സരിക്കാൻ മുല്ലപ്പള്ളി സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. കൽപ്പറ്റ മത്സരിക്കാൻ സുരക്ഷിതമണ്ഡലമാണെന്നാണ് മുല്ലപ്പള്ളി തന്നെ കരുതുന്നത്. 

ജനശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് സിപിഎമ്മിന്റേത് എന്ന് മുല്ലപ്പള്ളി

സോളാർ ഫയലുകളിൽ അഞ്ച് വർഷമായി സർക്കാർ അടയിരിക്കുകയായിരുന്നു. എന്തുകൊണ്ട് അഞ്ച് വർഷമായിട്ടും അന്വേഷിക്കാൻ പറ്റിയില്ല. എപ്പോഴാണ് മുഖ്യമന്ത്രിക്ക് സിബിഐയോട് സ്നേഹം വന്നത്. ജനശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് സിപിഎമ്മിന്റേത് എന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കേരളത്തിനെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുവെന്ന് അതിനായി പാർട്ടിയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തണം. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പരിപാടിയിലൂടെ അതിന് സാധിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സിപിഎമ്മും ബിജെപിയും പരസ്യ ധാരണയിലേക്ക് പോലുമെത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു. തില്ലങ്കേരിയിലെ തെരഞ്ഞെടുപ്പ് അത് സൂചിപ്പിക്കുന്നു. തില്ലങ്കേരി ആവർത്തിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും  മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. യുവാക്കളോട് നീതി പുലർത്താൻ സർക്കാരിനായില്ലെന്നും പി എസ് സി യിൽ പുറം വാതിൽ നിയമനം നൽകി അവരെ വഞ്ചിച്ചുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പുതുമുഖങ്ങൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം കൊടുക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി, സ്ഥാനാർത്ഥി നിർണയം യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും. മറ്റൊരു മാനദണ്ഡവും നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios