Asianet News MalayalamAsianet News Malayalam

കടുവസങ്കേതത്തിന്‍റെ പരിസരത്ത് ക്വാറിക്ക് അനുമതി നല്‍കിയത് ഞെട്ടിച്ചു; പ്രതിഷേധിക്കണമെന്ന് മുല്ലപ്പള്ളി

നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയും വനം-പരിസ്ഥിതി മന്ത്രിയും തയ്യാറാകണമെന്നും മുല്ലപള്ളി ആവശ്യപ്പെട്ടു

mullappally ramachandran against pinarayi government
Author
Palakkad, First Published Sep 19, 2019, 5:07 PM IST

പാലക്കാട്: പറമ്പിക്കുളം കടുവസങ്കേതത്തിന്‍റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ക്വാറികള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ നടപടി ഞെട്ടിക്കുന്നതാണെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പരിസ്ഥിതിയുടേയും വന്യജീവികളുടേയും ആവാസവ്യവസ്ഥയ്ക്ക് വളരെദോഷം ചെയ്യുന്നതാണ് ഈ നടപടിയെന്നും വന്യജീവി സങ്കേതങ്ങളുടേയും വനങ്ങളുടേയും നിശ്ചിതകിലോമീറ്റര്‍ ചുറ്റളവില്‍ ക്വാറി പ്രവര്‍ത്തനം കേന്ദ്ര വനം-പരിസ്ഥി മന്ത്രാലയം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയും വനം-പരിസ്ഥിതി മന്ത്രിയും തയ്യാറാകണമെന്നും മുല്ലപള്ളി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ക്വാറി മാഫിയയുടെ തടവിലാണ്. ക്വാറിമാഫിയയ്ക്ക് പൂര്‍ണ്ണമായും കീഴടങ്ങിയത് കൊണ്ടാണ് നഗ്‌നമായ നിയമലംഘനങ്ങളിലൂടെ സര്‍ക്കാര്‍ അവരെ വഴിവിട്ട് സഹായിക്കുന്നത്. കോടികളുടെ അഴിമതി നടത്തിയാണ് അനധികൃതമായി പ്രവര്‍ത്തിക്കാന്‍ ക്വാറികള്‍ക്ക് അനുമതി നല്‍കിയത്. മനുഷ്യനിര്‍മ്മിത പ്രളയത്തിന്റേയും  ഇക്കഴിഞ്ഞ പ്രകൃതി ദുരന്തത്തിന്റേയും പശ്ചാത്തലത്തില്‍ പ്രകൃതിയെ സംരക്ഷിക്കേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പകരമാണ് സര്‍ക്കാര്‍ പശ്ചിമഘട്ടം ഉള്‍പ്പടെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ തുരക്കാന്‍ അവസരമൊരുക്കിയത്. കവളപ്പാറയിലേയും പുത്തുമലയിലേയും കരളലിയിപ്പിക്കുന്ന ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായുംമുന്‍പാണ് സര്‍ക്കാര്‍ പരിസ്ഥിതിയെ യഥേഷ്ടം ചൂഷണം ചെയ്യാന്‍ അനുമതി നല്‍കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ പരിസ്ഥിതിയെ നശിപ്പിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. പരിസ്ഥിതിയെക്കുറിച്ച് ധവളപത്രം വരെ  ഇറക്കിയ പിണറായി സര്‍ക്കാര്‍ അതില്‍ ക്വാറികളെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. വനം,റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയവയില്‍ നിന്ന് ക്വാറി 100 മീറ്റര്‍ അകലമെങ്കിലും പാലിക്കണമെന്ന നിബന്ധന എടുത്തുമാറ്റി അതുവെറും 50 മീറ്ററാക്കി.ക്വാറിക്കു നല്‍കുന്ന അനുമതിയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമാക്കി.ഭൂപതിവ് ചട്ടങ്ങള്‍ ദേദഗതി ചെയ്ത് പട്ടയഭൂമിയില്‍ പോലും വ്യാപകമായ ഖനനത്തിനു വഴിയൊരുക്കി.കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ അവസരമൊരുക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Follow Us:
Download App:
  • android
  • ios