Asianet News MalayalamAsianet News Malayalam

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; പ്രോക്‌സി വോട്ടുകള്‍ ജനാധിപത്യവിരുദ്ധമെന്ന് മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്ന് കണ്ണൂര്‍ മോഡല്‍ തെരഞ്ഞെടുപ്പിലൂടെ വിജയം നേടാനാണ് സര്‍ക്കാരിന്‍റെ ശ്രമം. കോണ്‍ഗ്രസിന്റെ മാന്യമായ നിലപാടിനെ ദൗര്‍ബല്യമായി കമ്മീഷന്‍ കാണരുതെന്ന് മുല്ലപ്പള്ളി.

mullappally ramachandran against proxy vote
Author
Kozhikode, First Published Aug 21, 2020, 12:38 PM IST

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടുകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന്  കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രോക്സി വോട്ടും പോസ്റ്റല്‍ വോട്ടുകള്‍ ഏര്‍പ്പെടുത്താനുമുള്ള സംസ്ഥാന തെഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായി തീരുമാനം ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമാണെന്നും ഇതിനെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും   മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഇതിനായി നിയമഭേദഗതികള്‍ കൊണ്ടുവരാന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞത്. ഇത്തരം കാര്യങ്ങള്‍ കേരളത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കമ്മീഷന്റെ സമീപനം നേരത്തെ വോട്ടര്‍ പട്ടികയുടെ കാര്യത്തിലുമുണ്ടായിരുന്നുവെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയതോടെ 2016ലെ അസംബ്ലി തെരഞ്ഞെടുപ്പിലും 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തവര്‍ ഉള്‍പ്പെടെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് വോട്ടവകാശം നേടിയവരെല്ലാം വീണ്ടും അപേക്ഷ നല്‍കി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കേണ്ട ഗതികേടുണ്ടാക്കിയ ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധമായ തീരുമാനമാണ് നേരത്തെ കമ്മീഷന്‍ കൈക്കൊണ്ടത്. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സാധാരണ ചെയ്യാറുള്ളത് പോലെ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കുവാന്‍ യാതൊരു സമീപനവും കമ്മീഷന്‍ സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ താല്‍പ്പര്യം അനുസരിച്ച് കമ്മീഷന്‍ ഏകാധിപത്യപരവും ധിക്കാരപരവുമായ നിലപാടാണ് സ്വീകരിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അധിക്ഷേപാര്‍ഹമാണ്. തുടരെത്തുടരെ സര്‍ക്കാരിനോട് കൂറ് പ്രഖ്യാപിക്കുന്ന സമീപനമാണ് കമ്മീഷന്‍ സ്വീകരിക്കുന്നത്.

കൊവിഡ് രോഗവ്യാപനം അനുദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളാകെ ആശങ്കയിലും ഉത്കണ്ഠയിലുമാണ്. സര്‍ക്കാരാകട്ടെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്ന് കണ്ണൂര്‍ മോഡല്‍ തെരഞ്ഞെടുപ്പിലൂടെ വിജയം നേടാനാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് യഥാസമയം നടത്തുന്നതിന് സമ്പൂര്‍ണ്ണ സഹകരണമാണ് കോണ്‍ഗ്രസ് ഇതുവരെ നല്‍കിയത്. പക്ഷെ, കോണ്‍ഗ്രസിന്റെ മാന്യമായ നിലപാടിനെ ദൗര്‍ബല്യമായി കമ്മീഷന്‍ കാണരുത്. സി.പി.എമ്മുമായി ചേര്‍ന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios