Asianet News MalayalamAsianet News Malayalam

Mullapperiyar Dam|മുല്ലപ്പെരിയാർ മരംമുറി: സർക്കാർ വാദം പൊളിയുന്നു: 10 കോടി സിപിഎം കൈപ്പറ്റിയെന്ന് കോൺഗ്രസ്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ സ്ഥലത്ത് 2021 ജൂൺ 11 ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ബേബി ഡാം ബലപ്പെടുത്താൻ മരംമുറിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്

Mullapperiyar Dam documents push LDF govt under pressure Congress raise bribe allegation
Author
Thiruvananthapuram, First Published Nov 9, 2021, 1:35 PM IST

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിവാദം പുതിയ വഴിത്തിരിവിൽ. ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള തീരുമാനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ മാത്രമെടുത്തതാണെന്ന സർക്കാർ വാദമാണ് പൊളിയുന്നത്. ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ സ്ഥലത്ത് 2021 ജൂൺ 11 ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മരംമുറിക്കലുമായി ബന്ധപ്പെട്ട ഉത്തരവിലേക്ക് എത്തിയത്. ഇതുമായി ബന്ധപ്പെട്ട രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മന്ത്രിയറിയാതെയാണ് മരംമുറിക്കൽ ഉത്തരവിറക്കിയതെന്ന വാദമാണ് ഇതോടെ പച്ചക്കള്ളമാണെന്ന് വ്യക്തമാകുന്നത്.

ജൂൺ 11 ന് നടത്തിയ പരിശോധനയിലാണ് 15 മരങ്ങൾ മുറിക്കണമെന്ന് കണ്ടെത്തിയത്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷൻ കേന്ദ്ര ജലവിഭവ സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് അയച്ച കത്തിലാണ് വിവരങ്ങൾ ഉള്ളത്. ബേബി ഡാം ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്. നിർദ്ദേശം തമിഴ്നാടിന്റെ ആവശ്യപകാരമാണ്. കത്തയച്ചത് കേന്ദ്ര ജല വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ്. എർത്ത് ഡാമും ബലപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇതിന് പുറമെ അപ്രോച് റോഡിൽ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെടുന്നു. 

വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും രംഗത്ത് വന്നു. ബേബി ഡാം മരം മുറി ഉത്തരവ് പിൻവലിച്ച നടപടി അസാധാരണ വേഗത്തിലാണെന്ന് കെ ബാബു എംഎൽഎ പരിഹസിച്ചു. ഉത്തരവ് കേരളത്തിന്റെ കേസ് ദുർബലമാക്കും.  മുഖ്യമന്ത്രി ഇതുവരെ ഇതേക്കുറിച്ച് മിണ്ടിയില്ല. മൗനിബാബയായി തുടരുകയാണ്. സംസ്ഥാന സർക്കാർ എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിലെ സിപിഎം താത്പര്യം സംരക്ഷിക്കാനാണ് ഈ ഉത്തരവ്. ഡിഎംകെ തെരഞ്ഞെടുപ്പ് ചിലവിനായി 10 കോടി രൂപ സിപിഎമ്മിന് കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി കൈ കഴുകാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. സംയുക്ത പരിശോധനയുമായി ബന്ധപ്പെട്ട് വനം മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. കേരളത്തെ വെള്ളരിക്ക പട്ടണമാക്കുകയാണെന്ന് ആരോപിച്ച കെ ബാബു, സംസ്ഥാന സർക്കാർ തന്നെ രാജി വച്ചൊഴിയണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ മറുപടി പറഞ്ഞു. മരംമുറി ഉത്തരവ് മരവിപ്പിച്ചിട്ടുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട വിഷയമാണ്, അതിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മരംമുറി വിവാദത്തിൽ പ്രതിപക്ഷം കളവുകൾ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അണ്ണാ ഡിഎംകെ സമരം

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട്  – കേരള സർക്കാരുകൾക്കെതിരെ അണ്ണാ ഡിഎംകെ ഇന്ന് പ്രതിഷേധ ധർണ നടത്തി. തേനി ജില്ലയിലെ കമ്പത്ത് നടന്ന ധർണയിൽ കേരളത്തിലെ ഇടത് സർക്കാരിനെതിരെയും മുദ്രാവാക്യമുയർന്നു. മുൻ മുഖ്യമന്ത്രി ഒ പനീർ ശെൽവത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം. ഇത്തവണ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138 അടി എത്തിയപ്പോൾ ഡാം തുറന്നു വിട്ടതിനെ പനീർശെൽവം കുറ്റപ്പെടുത്തി.

മുൻപ് മൂന്നു തവണ 142 അടി ജലം സംഭരിച്ചിരുന്നു. 142 അടിക്കു മുൻപ് വെള്ളം തുറന്നു വിട്ടതിൽ സർക്കാർ മറുപടി പറയണം. 142 അടി എത്തിയില്ലെങ്കിൽ അടുത്ത തവണ ജലനിരപ്പ് 135 അടിയാക്കി കുറയ്ക്കും. അതിനാൽ ശക്തമായി പ്രതിഷേധിക്കണം. മുല്ലപ്പെരിയാറിൽ നമ്മൾ നേടിയ അവകാശം വിട്ടുകൊടുക്കരുത്. മരം വെട്ടാൻ അനുമതി കിട്ടിയെന്ന് പറയുന്നത് സത്യമാണോയെന്ന് അറിയില്ല. സ്റ്റാലിൻ കേരള മുഖ്യമന്ത്രിയെ അറിയിച്ച നന്ദി കാറ്റിൽ പറന്നുവെന്നും പനീർശെൽവം കുറ്റപ്പെടുത്തി. 142 വെള്ളം സംഭരിക്കാതിരുന്നത് സർക്കാരിന്റെ വീഴ്ചയാണ്. ധർണയ്ക്കിടയിലാണ് കേരള സർക്കാരിന് എതിരെയും മുദ്രാവാക്യം ഉയർന്നു. സുപ്രീം കോടതി വിധി കേരളം അനുസരിക്കണമെന്നും പനീർശെൽവം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തണമെന്ന് ബിജെപി


മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർത്തണമെന്ന് ബിജെപി തമിഴ്നാട് ഘടകം ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് പോവുകയാണ്. സിപിഎമ്മിന് വേണ്ടി ഡിഎംകെ ഒത്തുകളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ആരോപിച്ചു. തേനിയിൽ പ്രതിഷേധങ്ങൾ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ അദ്ദേഹം. തമിഴ്നാട്ടിലെ കാർഷിക മേഖലയിൽ ബിജെപി തമിഴ്നാട് അധ്യക്ഷന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്താനുള്ള പാർട്ടി തീരുമാനവും അറിയിച്ചു.

Follow Us:
Download App:
  • android
  • ios