ഒക്ടോബര്‍ 22 മുതല്‍ 24 വരെ മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനിലെ മൂന്നാര്‍, നേര്യമംഗലം, അടിമാലി, ദേവികുളം എന്നിവിടങ്ങളിലെ ഫോറസ്റ്റ് റേഞ്ചുകളിലെ 10 ബേസ് ക്യാമ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വ്വെ പൂര്‍ത്തിയാക്കിയത്. 

ഇടുക്കി:  വംശനാശം നേരിടുന്ന 11 ഇനം പക്ഷികളെ മൂന്നാറില്‍ കണ്ടെത്തി. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനില്‍ നാല് ദിവസമായി നടത്തിയ ആദ്യ പക്ഷി സര്‍വ്വെയിലാണ് ഈ ശ്രദ്ധേയമായ കണ്ടെത്തല്‍. സര്‍വ്വെയില്‍ 174 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. ഇതില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 21 ഇനങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഒക്ടോബര്‍ 22 മുതല്‍ 24 വരെ മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനിലെ മൂന്നാര്‍, നേര്യമംഗലം, അടിമാലി, ദേവികുളം എന്നിവിടങ്ങളിലെ ഫോറസ്റ്റ് റേഞ്ചുകളിലെ 10 ബേസ് ക്യാമ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വ്വെ പൂര്‍ത്തിയാക്കിയത്. 

വംശനാശം നേരിടുന്ന പക്ഷികൾ: മരപ്രാവ് (വൾണറബിൾ നീലഗിരിവുഡ് പീജിയൺ), മലവരമ്പൻ (നീലഗിരി പിപ്പിറ്റ്), വെള്ളവയറൻ ഷോലക്കിളി (വൈറ്റ് ബെല്ലീഡ് ഷോളക്കിളി), കോഴിവേഴാമ്പൽ (മലബാർ ഗ്രേ ഹോൺ ബിൽ), പോതക്കിളി (ബ്രോഡ് ടെയിൽഡ് ഗ്രാസ് ബേർഡ്), വടക്കൻ ചിലുചിലപ്പൻ (നിയർ ത്രെറ്റൻഡ്), ചാരത്തലയൻ ബുൾബുൾ (ലാഫിങ് ത്രഷ് ഗ്രേ ഹെഡഡ് ബുൾബുൾ), കരിച്ചെമ്പൻ പാറ്റപിടിയൻ (ബ്ലാക്ക് ആന്റ് ഓറഞ്ച് ഫ്ളൈ കാച്ചർ), നീലക്കിളി പാറ്റപിടിയൻ (നീലഗിരി ഫ്ളൈ കാച്ചർ), മേനിപ്രാവ് (ഗ്രീൻ ഇംപീരിയൽ പീജീയൺ), ചെമ്പൻ എറിയൻ (റൂഫസ് ബെല്ലീഡ് ഈഗിൾ). എന്നീ പക്ഷികള്‍ വംശനാശം നേരിടുന്നവയാണ്. ആദ്യ പക്ഷി സര്‍വ്വേയില്‍ ഇവയെ കണ്ടെത്താന്‍ കഴിഞ്ഞു. 

ചിന്നക്കുയിലും കഴുത്തുപിരിയൻകിളിയും കേരളത്തിൽ ദേശാടനത്തിന് എത്തുന്നവയാണെന്നും ചിന്നക്കുയിലിനെ അപൂർവമായി മാത്രമേ കേരളത്തിൽ കണ്ടെത്തിയിട്ടുള്ളൂവെന്നും പക്ഷി സര്‍വ്വേയില്‍ നിരീക്ഷിക്കപ്പെട്ടു. സമുദ്രനിരപ്പില്‍ നിന്നും 150 അടി മുതല്‍ 7000 അടിവരെയുള്ള പ്രദേശങ്ങളിലെ ചോലവനങ്ങള്‍, പുല്‍മേടുകള്‍, വനപ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു നാല് ദിവസമായി പക്ഷി നിരീക്ഷണം നടന്നത്. മൂന്നാര്‍ ഡിഎഫ്ഒ രാജു കെ ഫ്രാന്‍സീസ്, പക്ഷിനിരീക്ഷകനായ പ്രേംചനന്ദ് രഘുവരന്‍, കെഎന്‍ കൗസ്തുഭ്, ശ്രീഹരി കെ മോഹന്‍, വെള്ളാനിക്കര കാലവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്രകോളേജ് ഡീന്‍ നമീര്‍, പക്ഷി ശാസ്ത്രജ്ഞമാരായ പ്രവീന്‍ ജെ എന്നിവരുടെ നേത്യത്വത്തിലായിരുന്നു സര്‍വ്വെ. സംസ്ഥാനത്തെ 50 പക്ഷിനിരീക്ഷകര്‍ പങ്കെടുത്തു.