കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി; വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ തന്നെയായിരുന്നു ശ്രമമെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമ കേസിൽ സഹയാത്രികരുടെ മൊഴി എടുത്തു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. ഇതിനിടെ കേസ് തിതിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആയിരുന്നു നിലവിൽ കേസ് പരിഗണിച്ചിരുന്നത്. പ്രതികളുടെ ജാമ്യഹർജിയും കസ്റ്റഡി അപേക്ഷയുമെല്ലാം ഇനി പ്രിൻസിപ്പൽ സെഷൻസ് കോടതിയാകും പരിഗണിക്കുക. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനുവാണ് സർക്കാരിന് വേണ്ടി ഹാജരാകുന്നത്.
വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ തന്നെയായിരുന്നു ശ്രമമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഏറ്റവും കുറവ് സുരക്ഷ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് പ്രതികൾ വിമാനം തെരഞ്ഞെടുത്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതി 13 കേസുകളിൽ പ്രതിയാണെന്നും സർക്കാർ വ്യക്തമാക്കി.
പരാതിക്കാരുടെ മൊഴി സാധൂകരിച്ച് ഇൻഡിഗോ
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ടുമായി വിമാനക്കമ്പനി ഇൻഡിഗോ. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നൽകിയ റിപ്പോർട്ടിൽ ഇൻഡിഗോ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും പൊലീസിന് റിപ്പോർട്ട് നൽകി. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ഇൻഡിഗോ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.
സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്‍ജി ഉൾപ്പെടുന്ന ആഭ്യന്തര സമിതി അന്വേഷിക്കുകയാണെന്നും ഇൻഡിഗോ ഡിജിസിഎയെ പ്രാഥമികമായി അറിയിച്ചിട്ടുണ്ട്. വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാന കമ്പനി കൈമാറിയത്.
