തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ മുപ്പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കമുള്ളവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. യൂണിറ്റ് പ്രസിഡന്‍റായ ശിവര‍ഞ്ജിത്താണ് കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയത്. നെഞ്ചില്‍ രണ്ട് കുത്തേറ്റ അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. 

സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെടി ജലീല്‍ റിപ്പോര്‍ട്ട് തേടി. ക്യാംപസിലിരുന്ന് വിദ്യാര്‍ത്ഥികള്‍ പാട്ട് പാടിയതാണ് യൂണിയന്‍ ഭാരവാഹികളെ പ്രകോപിപ്പിച്ചതും കത്തിക്കുത്തിലേക്ക് നയിച്ചതും. സംഭവത്തില്‍ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം, എസ്എഫ്ഐ പ്രവര്‍ത്തകരായ അമര്‍, അദ്വൈത്, ആദില്‍,ആരോമല്‍, ഇബ്രാഹിം എന്നിവരും കണ്ടലാറിയാവുന്ന മുപ്പത് പേര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് മൂന്ന് പൊലീസുകാരെ റോഡിലിട്ട് തല്ലിയ കേസിലെ പ്രതികളാണ് നസീമും ആരോമലും. 

ഇന്ന് രാവിലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. ക്യാംപസിലിരുന്ന് പാട്ട് പാടിയ ഒരു സംഘം വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് ബിരുദവിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. 

നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ  ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്‍റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

വിദ്യാർത്ഥികൾ തമ്മിൽ ദിവസം മുൻപുണ്ടായ വാക്ക് തർക്കമാണ് ഇന്ന് വലിയ സംഘർത്തിലേക്കും കത്തിക്കുത്തിലേക്കും നയിച്ചത്. കോളേജ് ക്യാന്‍റീനിലിരുന്ന് പാട്ട് പാടിയ അഖിലിനെ കഴിഞ്ഞ ദിവസം യൂണിയന്‍ ഭാരവാഹിയായ ഒരാള്‍ താക്കീത് ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയാണ് ഇന്ന് നടന്ന സംഭവം. 

മരച്ചുവട്ടിലിരുന്ന പാട്ടു പാടിയ അഖിലിനോടും സംഘത്തോട് പാട്ട് നിര്‍ത്തി ക്ലാസിൽ പോകാൻ മറുവിഭാഗം പറഞ്ഞു. മൂന്നാം വര്‍ഷവിദ്യാര്‍ത്ഥികളായ തങ്ങളെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ എന്ന് അഖില്‍ ഇവരോട് ചോദിച്ചു ഇതോടെ മുഴുവന്‍ യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് സ്ഥലത്ത് എത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. വിദ്യാര്‍‍ത്ഥികളെ വളഞ്ഞിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അഖിൽ ഒടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പുറകേ പോയി കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പറഞ്ഞു

കുത്തേറ്റ അഖില്‍ ഏതാനും ചുവടുകള്‍ നടന്ന ശേഷം നിലത്തു വീണു. തലനാരിഴക്കാണ് അഖില്‍ രക്ഷപ്പെട്ടത് എന്നാണ് പിന്നീട് ആശുപത്രിയില്‍ ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. മുഖത്ത് അടിയേറ്റ മറ്റൊരു വിദ്യാർത്ഥി വിഷ്ണുവും ആശുപത്രിയില്‍ ചികിത്സ തേടി. സഹപാഠിക്ക് കുത്തേറ്റതോടെയാണ് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പെൺകുട്ടികളുൾപ്പടെയുള്ളവർ എസ്എഫ്ഐക്കെതിരെ മുദ്രാവാക്യവുമായി യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ റോഡ് ഉപരോധിച്ചു. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെയായിരുന്നു  പ്രതിഷേധം

പൊലീസ് നടപടി ഉറപ്പ് നൽകിയതോടെ പ്രകടനമായി കോളേജിനുള്ളിൽ കയറിയ വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന യൂണിയൻ ഓഫീസ് അടിച്ച് തകർത്തു.യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എതിർത്തതോടെ കോളേജിനുള്ളിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. 
എസ്എഫ്ഐ ജില്ലാ  പ്രസിഡന്റ് റിയാസിന്‍റെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളെത്തി യൂണിറ്റ് കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയതോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞ് പോകാന്‍ തയ്യാറായത്. 

സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും എസ്എഫ്ഐ പ്രവർത്തകർ തിരിഞ്ഞു. കലാലയത്തിൽ നിന്നും പുറത്തിറങ്ങണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മാധ്യമങ്ങളോട് പുറത്ത് പോകാനാവശ്യപ്പെട്ട കോളേജ് പ്രിൻസിപ്പള്‍ വിദ്യാർത്ഥി സംഘ‌ർഷത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് തടിയൂരി.

എസ്എഫ്ഐക്കാരന്‍ കൂടിയായ വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ നേതാക്കള്‍ തന്നെ കുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധമുണ്ടായതോടെ കേസില്‍ ഉള്‍പ്പെട്ട ആറ് പേരെ എസ്എഫ്ഐ  സസ്പെന്‍ഡ് ചെയ്തു. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടുമെന്ന് അഖിലേന്ത്യ അധ്യക്ഷൻ വിപി സാനു ആദ്യം പ്രതികരിച്ചെങ്കിലും ഉടനെ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ ദേവ് പിന്നീട് അറിയിച്ചു.

നിലിവില്‍ പ്രതിസ്ഥാനത്തുള്ള ആറ് പേരെ സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. യൂണിറ്റ് കമ്മിറ്റി പ്രവര്‍ത്തന യോഗ്യമല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാവും യൂണിറ്റ് കമ്മിറ്റിയെ പിരിച്ചു വിടുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. . കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐക്കെതിരെ കലാലയത്തിനുള്ളിൽ ഇത്രയും വലിയ പ്രതിഷേധം ഉണ്ടാകുന്നത് ആദ്യമായാണ്. 

കോളേജ് യൂണിറ്റ് കമ്മിറ്റിക്കെതിരെ കഴിഞ്ഞ കുറേ ദിവസമായി ഉണ്ടായ അസ്വാരസ്യമാണ് കത്തിക്കുത്തിലൂടെ വിദ്യാര്‍ത്ഥി പ്രതിഷേധമായി പുറത്തു വന്നത്. എസ്എഫ്ഐ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ്, കെഎസ്.യു, എബിവിപി പ്രവർത്തകരും യൂണിവേഴ്സിറ്റി കോളേജിലേക്ക് മാർച്ച് നടത്തി. കൊടും കുറ്റവാളികളെ കൊണ്ടു നടക്കുന്ന പരിപാടി എസ്എഫ്ഐ അവസാനിപ്പിക്കണമെന്ന് എഐഎസ്എഫ് ആവശ്യപ്പെട്ടു.