തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെയും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ മുഹമ്മദ് റിയാസിന്‍റെയും വിവാഹ ചടങ്ങില്‍ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ പങ്കെടുത്തതായി ആരോപണം. റിയാസിന്‍റെ ബന്ധു മുഹമ്മദ് ഹാഷിം ആണ് പരോൾ കാലയളവിൽ ക്ലിഫ് ഹൗസിൽ എത്തിയത്. സിപിഎം പ്രവർത്തകനായ ഹാഷിം ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ ഒന്നാം പ്രതിയാണ്.

ബിജെപി വക്താവ് സന്ദീപ് വാര്യരാണ് ആരോപണവുമായി രംഗത്തെത്തിയത്. ക്ലിഫ് ഹൗസിൽ റിയാസിനും വീണക്കുമൊപ്പം ഹാഷിം നിൽക്കുന്ന ചിത്രവും പുറത്ത് വന്നു. സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. ആർഎസ്എസ് പ്രവർത്തകൻ സുരേഷ് ബാബു വധക്കേസിൽ ഒന്നാം പ്രതിയായ ഹാഷിം കൊവിഡ് കാലത്താണ് പരോളിനിറങ്ങിയത്. അതേസമയം, പിതൃസഹോദരന്‍റെ മകനാണ് റിയാസെന്നും പരോൾ വ്യവസ്ഥകൾ പാലിച്ചാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ഹാഷിം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Also Read: വീണയും റിയാസും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

ക്ലിഫ് ഹൗസിലെ സന്ദർശക മുറിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വീണയുടെയും റിയാസിന്‍റെയും ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് മാ‍ർഗനിർദ്ദേശങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകി. റിയാസിന്‍റെ അറുപത്തിയഞ്ച് വയസ് പിന്നിട്ട മാതാപിതാക്കൾ കൊവിഡ് ചട്ടം നിലനിൽക്കുന്നതിനാൽ തിരുവനന്തപുരത്ത് എത്തിയില്ല. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു രജിസ്ട്രേഷൻ. പത്തരയ്ക്ക് ക്ലിഫ് ഹൗസിന്‍റെ സ്വീകരണമുറിയിലായിരുന്നു ചടങ്ങ്.

വിവാഹ ശേഷം നടന്ന വിരുന്ന് സൽക്കാരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തിരുവനന്തപുരത്തുള്ള പാർട്ടി പിബി അംഗങ്ങളും ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികളും എത്തിയിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായ മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സമിതി അംഗവുമാണ്. ഐടി സ്ഥാപനമായ എക്സാലോജിക്സിന്‍റെ ഉടമയാണ് വീണ. ഇരുവരുടെയും രണ്ടാം വിവാഹമാണ്. സാമൂഹ്യമാധ്യങ്ങളിൽ നവദമ്പതികൾക്ക് ആശംസ പോസ്റ്റുകളും നിറയുന്നു.